സ്‌പോര്‍ട്ടിങ് യുനൈറ്റഡ് പെണ്‍പട കളത്തിലേക്ക്

Update: 2022-01-13 05:58 GMT

ക്യാപ്റ്റന്‍ ശിവാനി സാജന്‍

ജിദ്ദ: ജിദ്ദയിലെ പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ അക്കാദമിയായ സ്‌പോര്‍ട്ടിങ് യുനൈറ്റഡ് ജിദ്ദയുടെ പെണ്‍കുട്ടികളുടെ ടീം അവരുടെ ആദ്യ മല്‍സരത്തിനിറങ്ങുന്നു. ശനിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് ജിദ്ദയിലെ അമീര്‍ സുല്‍ത്താന്‍ റോട്ടിലെ നൂണ്‍ അക്കാദമി സ്‌റ്റേഡിയത്തില്‍ ജുവെന്റസ് അക്കാദമിക്കെതിരേയാണ് മല്‍സരം. മാര്‍ച്ച് 22ന് പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന സ്‌പോര്‍ട്ടിങ് യുനൈറ്റഡ് ജിദ്ദ ഇതിനകം നിരവധി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയും മികച്ച നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ജിദ്ദയില്‍ നടന്നുവരുന്ന യൂറോ അക്കാദമി ലീഗ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യന്‍ അക്കാദമിയാണ് സ്‌പോര്‍ട്ടിങ് യുനൈറ്റഡ്.

പ്രവാസ ലോകത്തെ ഏറ്റവും വലിയ ഫുട്ബാള്‍ ടൂര്‍ണമെന്റായ സിഫ് ചാംപ്യഷിപ്പില്‍ തുടര്‍ച്ചയായി നാല് തവണ ചാംപ്യന്‍മാരെന്ന അപൂര്‍വ നേട്ടത്തിനരഹരായ ജിദ്ദയിലെ ഏക ഫുട്ബാള്‍ ക്ലബും സ്‌പോര്‍ട്ടിങ് യുനൈറ്റഡ് തന്നെ. കഴിഞ്ഞയാഴ്ച ജിദ്ദയില്‍ സമാപിച്ച ജിദ്ദ സ്റ്റാര്‍സ് അറബ് ഫുട്ബാള്‍ ചാംപ്യന്‍ഷിപ്പിലും സ്‌പോര്‍ട്ടിങ് യുണൈറ്റഡിന്റെ നാല് കാറ്റഗറിയിലെ കുട്ടികള്‍ മത്സരിച്ചിരുന്നു. 2016 ല്‍ ജിദ്ദയില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കി തുടങ്ങിയ അക്കാദമി കൂടിയാണ് സ്‌പോര്‍ട്ടിങ് യുനൈറ്റഡ്, ഇന്ന് കേരളത്തിന് പുറമെ തമിഴ്‌നാട്, തെലങ്കാന, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള പതിഞ്ചോളം കുട്ടികള്‍ പരിശീലനം നടത്തുന്നുണ്ട്.

പാലക്കാട് സ്വദേശിനി ശിവാനി സാജന്‍ ക്യാപ്റ്റനായ ടീമില്‍ തമിഴ്‌നാട് സ്വദേശി ആഷിക പാഷ, ശബ്‌ല കാരിയാടാന്‍, ഷദാ കാരിയാടാന്‍, ഫൈഹ മംഗലത്, സൈബ ഫാത്തിമ, റിഹാമ അബ്ദുല്‍ഗഫൂര്‍, നോയല്‍ ലെവിസ് ഡിസൂസ, അര്‍വിന്‍ ലെസ്റ്റര്‍ ഡിസൂസ, പാര്‍വതി മേനോന്‍, ഇറീന സാലിഹ്, വഫ മൊഹമ്മദ് സലാം, ഈസ്റ്റാസിങ് ചാന്ദല്‍, ഷെറില്‍ ഡിസൂസ ആന്‍ഡ്രിയ റോബിന്‍ ഡിസൂസ, ഈഷല്‍ ഫാസ്‌ലിന്‍, ഫൈഹ ഫാസിലിന്‍ അംഗങ്ങളാണ്.

ആദ്യമായി പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കി തുടങ്ങിയ സ്‌പോര്‍ട്ടിങ്ങിനുതന്നെ പ്രവാസ ലോകത്തെ ആദ്യ പെണ്‍കുട്ടികളുടെ ടീമിനെയും കളത്തിലിറക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷവും അഭിമാനവുമുള്ളതായി പെണ്‍കുട്ടികളുടെ ടീമിന്റെ പരിശീലകനായ അബ്ദുല്‍മജീദ് പട്ടിക്കാട് പറഞ്ഞു. നാട്ടില്‍ അവധിയിലുള്ള അബ്ദുല്‍ മജീദിന്റെ അഭാവത്തില്‍ അണ്ടര്‍ 10 കാറ്റഗറി പരിശീലകന്‍ കൊണ്ടോട്ടി സ്വദേശി ഫസലുറഹിമാനായിരിക്കും ടീമിന്റെ ചുമതല. കൊവിഡ് കാരണം കഴിഞ്ഞ രണ്ടു സീസണുകളായി നിരവധി അവസരങ്ങളാണ് കുട്ടികള്‍ക്ക് നഷ്ടപ്പെട്ടതെന്ന് പരിശീലകരായ കെ സി ബഷീര്‍ ചേലേമ്പ്രയും നവാസ് കോഴിക്കോടും അഭിപ്രായപ്പെട്ടു.

കഴിഞ്ഞ അവധിക്കാലത്തു കോഴിക്കോട് സ്‌റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 21 കേരള സ്‌റ്റേറ്റ് പെണ്‍കുട്ടികളുമായിട്ടുള്ള മല്‍സരം നടക്കാതെ പോയത് കുട്ടികള്‍ക്ക് നല്ലൊരു അവസരമാണ് നഷ്ടമായതെന്ന് കെ സി ബഷീര്‍ കൂട്ടിച്ചേര്‍ത്തു. ഈയിടെ അക്കാദമിക്കൊപ്പം ചേരുകയും അണ്ടര്‍ 12 കുട്ടികളുടെ പരിശീലകനുമായ ഉമൈര്‍ വണ്ടൂര്‍ പരിശീലിപ്പിച്ച ടീം ജിദ്ദ സ്റ്റാര്‍സ് അറബ് ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്, ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളില്‍നിന്നുള്ള ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ സ്‌പോര്‍ട്ടിങ് നാല് വിഭാഗങ്ങളില്‍ പങ്കെടുത്തിരുന്നു.

Tags:    

Similar News