ഒമാനില്‍ മിന്നല്‍ പ്രളയം: കാണാതായ തൃത്താല സ്വദേശിനി റംലത്തിന്റെ മൃതദേഹം കണ്ടെത്തി

Update: 2026-03-23 09:21 GMT

 മസ്‌കത്ത്: ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ പാലക്കാട് തൃത്താല സ്വദേശി റംലത്തിന്റെ (58) മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ കടലില്‍ നിന്നുമാണ് മൃതദേഹം ലഭിച്ചത്. തൃത്താല സൗത്ത് തച്ചറതൊടിയാല്‍ മുഹമ്മദ്കുട്ടിയുടെ ഭാര്യയാണ് റംലത്ത്. ഒമാനിലെ തെക്കന്‍ ബാത്തിനയില്‍ ബര്‍ക്ക വിലായത്തിലാണ് റംലത്തും കുടുംബവും സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പെട്ട് അപകടമുണ്ടായത്.

റംലത്തിന്റെ മകന്‍ യൂസഫ്, യൂസഫിന്റെ സുഹൃത്തായ ലുബിഷാദിന്റെ ഭാര്യ ഷംല എന്നിവരുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. അപകട സ്ഥലത്ത് നിന്നും ഒരു കിലോമീറ്ററിലധികം അകലെയാണ് കടല്‍. സ്വദേശി പൗരന്മാര്‍ കടലില്‍ നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ മൃതദേഹം ലഭിച്ചത്.

ഒമാനില്‍ മറ്റൊരപകടത്തില്‍ ഒഴുക്കില്‍പെട്ട്, കൊല്ലം പെരിനാട് സ്വദേശി കീര്‍ത്തന ഭവനില്‍ മഹേഷ് കുമാറും ഇന്നലെ മരിച്ചിരുന്നു. ഇതോടെ രണ്ടു ദിവസങ്ങളിലായി ഒമാനിലുണ്ടായ മഴക്കെടുതിയില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. റംലത്തിന്റെയും യൂസുഫിന്റെയും മൃതദേഹം ഒമാനിലെ ബര്‍കയില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.