കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു; പരിക്കേറ്റവരില്‍ 14 പേര്‍ മലയാളികളെന്ന് സൂചന

Update: 2025-06-10 14:30 GMT

ദോഹ: ഖത്തറില്‍നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. പാലക്കാട് മണ്ണൂര്‍ സ്വദേശികളായ റിയ (41), മകള്‍ ഡെയ്‌റ (ഏഴ്), തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്, ജസ്‌ന കുറ്റിക്കാട്ടുചാലില്‍ (29), റൂഫി മെഹ്‌റിന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നിലഗുരുതരമെന്ന് വിവരം.

റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന്‍ ട്രാവിസ് എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. പരിക്കേറ്റവരില്‍ 14 പേര്‍ മലയാളികളെന്നാണ് സൂചന. ഈദ് അവധിയോടനുബന്ധിച്ചു നടത്തിയ ഗ്രൂപ്പ് ടൂര്‍ സംഘമാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം. വടക്ക്-കിഴക്കന്‍ കെനിയയില്‍ നക്കൂറു റോഡിലാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവര്‍ക്ക് നഷ്ടമായതാണ് അപകടകാരണമെന്നും പലതവണ ബസ് തകിടംമറിഞ്ഞെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.