പ്രാര്‍ത്ഥനയോടെ കുടുംബം: ബദറുദ്ദീനെ നാട്ടിലേക്ക് അയക്കുന്നതിനുള്ള ശ്രമം തുടരുന്നു

Update: 2019-03-25 13:39 GMT

ദമ്മാം: നെഞ്ചുവേദനയെ തുടര്‍ന്ന് തളര്‍ന്നുവീണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തിരുവനന്തപുരം സ്വദേശി ബദറുദ്ദീനെ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നു. കഴിഞ്ഞ ആഴ്ച ബദറുദ്ദീനെ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ എംബസ്സിയുടെ പ്രധിനിധി സന്ദര്‍ശനം നടത്തി. എംബസി വോളന്റിയരും ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനുമായ സലിം മുഞ്ചക്കലിനെ തുടര്‍നടപടികള്‍ക്കായി ചുമതലപ്പെടുത്തുകയും ചെയ്തു. ആരോഗ്യനില അതീവ സങ്കീര്‍ണതയില്‍ തുടുരുകയാണെങ്കിലും വിദഗ്ധ ചികില്‍സയ്ക്ക് വിമാനമാര്‍ഗം നാട്ടിലെത്തിക്കാന്‍ ഡോക്ടര്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് അനുമതി നല്‍കിയത്. ദമ്മാമില്‍ നിന്നും നേരിട്ട് കേരളത്തിലേക്ക് സ്ട്രക്ച്ചര്‍ സൗകര്യത്തോടു കൂടിയുള്ള വിമാന സര്‍വീസ് ഇല്ലാത്തുകൊണ്ടും സങ്കീര്‍ണമായ ആരോഗ്യസ്ഥിതി പരിഗണിച്ചുകൊണ്ടും എയര്‍ ആംബുലന്‍സ് അടക്കമുള്ള സാധ്യതകള്‍ പരിഗണിച്ചു വരികയാണ്.

2018 നവംബര്‍ മാസാവസാനം ദമ്മാം നാരിയയിലുള്ള കമ്പനിയില്‍ ജോലിയിലേര്‍പ്പെട്ടിരിക്കെയാണ് ബദറുദീന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ദുലൈ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നില വഷളായതിനെ തുടര്‍ന്ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ നിരന്തരംആശുപത്രിയിലെത്തി രോഗവിവരങ്ങള്‍ അന്വേഷിച്ചു കൊണ്ടിരുന്നെങ്കിലും ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട ബദറുദ്ദീന്റെ നില പലപ്പോഴും മോശമായി തുടരുന്നതിനാല്‍ നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങളെ ഡോക്ടമാര്‍ നിരുല്‍സാഹപ്പെടുത്തുകയായിരുന്നു. എന്നാല്‍, ആരോഗ്യ സ്ഥിതിയില്‍ പുരോഗതി ഉണ്ടാകുന്ന മുറയ്ക്ക് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ തുടരുമ്പോള്‍ ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാനമില്ലാത്തത് വലിയ പ്രയാസം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട് കൊണ്ടിരുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം കിഴക്കന്‍ പ്രവിശ്യാ വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ സലിം മുഞ്ചക്കല്‍ വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ കൊണ്ട് വരികയും, എംബസിയുടെ കമ്മ്യൂണിറ്റി വെല്‍ഫയര്‍ വിഭാഗം ഉദ്യോഗസ്ഥന്‍ ആശുപത്രിയിലെത്തി സലിം മുഞ്ചക്കലിനൊപ്പം ബദറുദ്ദീനെ സന്ദര്‍ശിക്കുകയും ചെയ്തു. ബദറുദ്ദീന്റെ ദയനീയാവസ്ഥ ബോധ്യപ്പെട്ട ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള എല്ലാവിധ പിന്തുണയും അറിയിക്കുകയായിരുന്നു.



Similar News