സൗദിയില്‍ ആറ് മേഖലകളില്‍നിന്ന് പ്രവാസികളെ ഒഴിവാക്കുന്നു; 40,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കും

നിയമസേവനം, അഭിഭാഷകരുടെ ഓഫിസ്, റിയല്‍ എസ്റ്റേറ്റ്, ഫിലിം ആന്റ് ഡ്രൈവിങ് സ്‌കൂളുകള്‍, കസ്റ്റംസ് ക്ലിയറന്‍സ്, സാങ്കേതിക എന്‍ജിനീയറിങ് എന്നീ മേഖലകളിലാണ് സ്വദേശിവത്കരണം. പുതിയ തദ്ദേശീയവല്‍ക്കരണം നടപ്പാക്കുന്നതോടെ ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ കൂട്ടത്തോടെ പിരിച്ചുവിടും.

Update: 2021-07-04 17:44 GMT

റിയാദ്: സൗദി അറേബ്യയില്‍ ആറ് മേഖലകളില്‍കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. നിയമസേവനം, അഭിഭാഷകരുടെ ഓഫിസ്, റിയല്‍ എസ്റ്റേറ്റ്, ഫിലിം ആന്റ് ഡ്രൈവിങ് സ്‌കൂളുകള്‍, കസ്റ്റംസ് ക്ലിയറന്‍സ്, സാങ്കേതിക എന്‍ജിനീയറിങ് എന്നീ മേഖലകളിലാണ് സ്വദേശിവത്കരണം. പുതിയ തദ്ദേശീയവല്‍ക്കരണം നടപ്പാക്കുന്നതോടെ ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ കൂട്ടത്തോടെ പിരിച്ചുവിടും.

40,000 ഓളം തൊഴിലുകളില്‍ സൗദികളെ നിയമിക്കുകയാണ് ലക്ഷ്യം. ആറ് തൊഴില്‍ മേഖലകളില്‍കൂടി പുതുതായി സൗദിവല്‍ക്കരണ പദ്ധതി നടപ്പാക്കുന്നതായി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ രാജ്ഹിയാണ് പ്രഖ്യാപിച്ചത്. ഈ ജോലികളില്‍ വലിയൊരു ഭാഗം രാജ്യത്തെ പൗരന്‍മാരായ ചെറുപ്പക്കാര്‍ക്കായി നീക്കിവയ്ക്കും. വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിവരുന്ന സൗദിവല്‍ക്കരണത്തിലൂടെ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കുറയുന്നതായാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2020ന്റെ നാലാം പാദത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമായിരുന്നു. എന്നാല്‍, ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 11.7 ശതമാനായി തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടുണ്ട്. ഇക്കാലയളവില്‍ സ്വദേശി യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.7 ശതമാനമായും, യുവതികളുടെ തൊഴിലില്ലായ്മ നിരക്ക് 20.2 ശതമാനത്തില്‍നിന്ന് 16.1 ശതമാനമായും കുറഞ്ഞിട്ടുണ്ട്.

ജനറല്‍ അതോറിറ്റിഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍പ്രകാരമാണിത്. നിലവില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയ മേഖലകളില്‍ ജോലിചെയ്യുന്ന നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുന്നത് വലിയ വെല്ലുവിളിയാണ്. സൗദി അറേബ്യയില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പുതിയ തീരുമാനം കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Tags: