കുവൈത്തില്‍ ഗര്‍ഭണിക്ക് എംബസി യുടെ യാത്ര വിലക്ക്; വിഷയത്തില്‍ ഇടപെട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയും ഷാഫി പറമ്പില്‍ എംഎല്‍എ യും

തിരുവനന്തപുരം വിമാനത്തില്‍ പത്തോളം സീറ്റുകള്‍ ഒഴിവ് ഉണ്ടായിട്ടും നാലാം തവണയും ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും മടക്കി അയച്ച സംഭവം പ്രവാസികള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് കരണമായി.

Update: 2020-05-21 12:32 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയുടെ അവഗണ മൂലം നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്ലക്കും ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യക്കും ആശ്വാസമായി കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ജീവസാഗറിന് കത്ത് അയച്ചു. മുന്‍ഗണന പട്ടികയില്‍ ഇടം നേടുന്നതിനു അര്‍ഹരായിട്ടും മൂന്നാം തവണയും തങ്ങളെ അവഗണിച്ചതിനെ തുടര്‍ന്ന് എംബസി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തതിന്റെ പ്രതികാര നടപടിയായി ഇവരുടെ എംബസി രജിസ്ട്രേഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം വിമാനത്തില്‍ പത്തോളം സീറ്റുകള്‍ ഒഴിവ് ഉണ്ടായിട്ടും നാലാം തവണയും ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും മടക്കി അയച്ച സംഭവം പ്രവാസികള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് കരണമായി. ഇതേ തുടര്‍ന്ന് കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തകനായ നസീര്‍ പാലക്കാട് വിഷയത്തില്‍ ഇടപെടുകയും, കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനെയും, പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെയും വിളിച്ചു വിവരം അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു കാസര്‍കോട് എംപി വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. ഗര്‍ഭിണിയായ യുവതിയേയും ഭര്‍ത്താവിനെയും എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കണമെന്ന് അവശ്യ പെട്ടുകൊണ്ട് കത്ത് നല്‍കുകയും ഷാഫി പറമ്പില്‍ എംഎല്‍എ കുടുംബത്തെ വിളിച്ചു ആശ്വസിപ്പിക്കുകയും കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.



Tags: