ഒമാനില്‍ ഡ്രോണ്‍ അപകടം: രണ്ട് ഇന്ത്യക്കാര്‍ മരിച്ചു; പത്ത് ഇന്ത്യക്കാര്‍ക്ക് പരിക്ക്

Update: 2026-03-13 15:37 GMT

ദുബായ്: ഗള്‍ഫിലേയ്ക്ക് ശക്തമായ വ്യോമാക്രമണം തുടര്‍ന്ന് ഇറാന്‍. ഒമാനിലെ സോഹാറില്‍ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. പത്ത് ഇന്ത്യക്കാരടക്കം പതിനൊന്ന് പ്രവാസികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സോഹാര്‍ വിലായത്തിലെ അല്‍ ഓഹി-യില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പിന് മുകളില്‍ ഡ്രോണ്‍ വീണായിരുന്നു അപകടം.

ഇന്ത്യക്കാരായ രണ്ട് തൊഴിലാളികള്‍ സംഭവസ്ഥലത്തുവെച്ച് മരിച്ചു. പതിനൊന്ന് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പത്തുപേരും ഇന്ത്യക്കാരാണെന്നും അഞ്ചുപേര്‍ ചികില്‍സയില്‍ തുടരുകയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അഞ്ചുപേര്‍ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ചികിത്സയിലുള്ള അഞ്ചുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്.

രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നും ഇതില്‍ ഒരെണ്ണം തുറസ്സായ സ്ഥലത്താണ് വീണതെന്നും ഒമാന്‍ അധികൃതര്‍ അറിയിച്ചു. യുഎഇ-യില്‍ വിവിധയിടങ്ങളില്‍ ഇന്ന് ഡ്രോണ്‍ ആക്രമണ ശ്രമങ്ങളുണ്ടായി. രാജ്യത്ത് ഏഴ് മിസൈല്‍ ആക്രമണ ശ്രമങ്ങളും 27 ഡ്രോണ്‍ ആക്രമണ ശ്രമങ്ങളും ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ 141 പേര്‍ക്കാണ് യുഎഇ-യില്‍ മാത്രം പരിക്കേറ്റത്. കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലും ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമങ്ങളുണ്ടായി.