ഡോക്ടര്‍മാരെയും നഴ്‌സുമാരെയും 'അജീര്‍' വ്യവസ്ഥപ്രകാരം മറ്റ് സ്ഥാപനങ്ങള്‍ക്ക് നല്‍കാം

സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്കിടയില്‍ ആരോഗ്യഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നിഷ്യന്‍മാര്‍ തുടങ്ങിയ ജീവനക്കാരെയെല്ലാം മണിക്കൂര്‍ വ്യവസ്ഥയിലും മാസവേതന വ്യവസ്ഥയിലും മറ്റു ആരോഗ്യസ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Update: 2019-12-21 19:34 GMT

ദമ്മാം: ആരോഗ്യസ്ഥാപന ജീവനക്കാരെ 'അജീര്‍' വ്യവസ്ഥപ്രകാരം സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന പദ്ധതിക്കു തുടക്കംകുറിച്ചതായി സൗദി തൊഴില്‍ സാമുഹ്യക്ഷേമ മന്ത്രാലയം അറിയിച്ചു. സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്കിടയില്‍ ആരോഗ്യഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നിഷ്യന്‍മാര്‍ തുടങ്ങിയ ജീവനക്കാരെയെല്ലാം മണിക്കൂര്‍ വ്യവസ്ഥയിലും മാസവേതന വ്യവസ്ഥയിലും മറ്റു ആരോഗ്യസ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാരെ നല്‍കുന്ന ആരോഗ്യസ്ഥാപനങ്ങളായ ഡിസ്പന്‍സറികളും ആശുപത്രികളും മറ്റും നിത്വാഖാത് വ്യവസ്ഥപ്രകാരം ഇടത്തരം, പച്ച വിഭാഗത്തിലോ അതിനു മീതെയുള്ള വിഭാഗത്തിലോ ഉള്‍പ്പെട്ടിരിക്കണം. 20 ശതമാനത്തില്‍ കൂടുതല്‍ വിദേശികളായ ജീവനക്കാരെ നല്‍കാന്‍ പാടില്ല. രണ്ടുവര്‍ഷകാലയളില്‍ ഒരുവര്‍ഷത്തില്‍ കൂടുതല്‍ ഒരു ജീവനക്കാരനെ വാടകയ്ക്കു നല്‍കാന്‍ പാടില്ലെന്നും വ്യവസ്ഥയില്‍ പറയുന്നു.

ജീവനക്കാര്‍ യോഗ്യതയുള്ളവരാവണമെന്നും ആരോഗ്യ മന്ത്രാലയത്തില്‍നിന്നും ലൈസന്‍സ് നേടിയവരാവണമെന്നും നിബന്ധനയുണ്ടാവും. കൂടാതെ മറ്റു സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ നല്‍കുന്ന സ്ഥാപനങ്ങള്‍ ആരോഗ്യമന്ത്രാലയ നിബന്ധനയ്ക്ക് അനുസരിച്ച് ജീവനക്കാരുടെ എണ്ണമുണ്ടായിരിക്കണം. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍മാര്‍ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാരെ അജീര്‍ വ്യവസ്ഥപ്രകാരം നല്‍കാന്‍ കഴിയും. റിക്രൂട്ട്‌മെന്റ് ചെയ്യുന്നതിനും മറ്റും പ്രയാസം നേരിടുന്ന ഡിസ്പന്‍സറികള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പുതിയ പദ്ധതി ഏറെ സഹായകമാവുമെന്നാണ് വിലയിരുത്തുന്നത്. 2014 ലാണ് സൗദിയില്‍ അജീര്‍ വ്യവസ്ഥപ്രകാരം സ്വകാര്യസ്ഥാപനങ്ങള്‍ക്കു തൊഴിലാളികളെ വാടകയ്ക്കു നല്‍കാവുന്ന പദ്ധതിക്കു തുടക്കംകുറിച്ചത്. 

Tags:    

Similar News