ഒമാനില്‍ ന്യൂനമര്‍ദം ശക്തമാകുന്നു

Update: 2026-03-30 11:46 GMT

മസ്‌കത്ത്: ഒമാനില്‍ നാളെ വൈകുന്നേരം മുതല്‍ വ്യാഴാഴ്ച രാവിലെ വരെ ന്യൂനമര്‍ദത്തിന്റെ സ്വാധീനം ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു.

മുസന്ദം, ബുറൈമി, ദാഹിറ, വടക്കന്‍ ബാത്തിന, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ നാളെ വൈകുന്നേരത്തോടെ മേഘരൂപീകരണം ആരംഭിക്കും. തുടക്കത്തില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനാണ് സാധ്യത. ചില വാദികളില്‍ നേരിയ നീരൊഴുക്കും മണിക്കൂറില്‍ 10 മുതല്‍ 20 നോട്ട് വരെ വേഗതയില്‍ കാറ്റും അനുഭവപ്പെടാം.എന്നാല്‍ ബുധനാഴ്ച വൈകിട്ട് മുതല്‍ വ്യാഴാഴ്ച രാവിലെവരെ കാലാവസ്ഥ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ദൃശ്യപരത കുറയുന്നതിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഒമാനിലെ മിക്ക തീരപ്രദേശങ്ങളിലും തിരമാല ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇടിമിന്നല്‍ സമയങ്ങളില്‍ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലെ തീരപ്രദേശങ്ങളില്‍ ഇതിനകം മഴ തുടരുകയാണ്. വ്യാപകമായ മഴമേഘങ്ങള്‍ രൂപപ്പെട്ടതോടെ പല സ്ഥലങ്ങളിലും ഇടവിട്ടുള്ള മഴ ലഭിക്കുന്നതായി റിപോര്‍ട്ടുകളുണ്ട്. ചിലയിടങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയും രേഖപ്പെടുത്തുന്നുണ്ട്. അല്‍ മസറത്ത് ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും യാത്രക്കാരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Tags: