കുവൈത്തില്‍ കര്‍ഫ്യൂ സമയം വൈകീട്ട് 7 മുതല്‍ രാവിലെ 5 വരെ; ജലീബ് അല്‍ശുയൂഖും മഹബൂലയും ഫര്‍വാനിയയും ലോക്ക് ഡൗണ്‍ നീട്ടി

സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവിന്റെ ഭാഗമായി ഇപ്പോള്‍ തുടരുന്ന ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു. ജലീബ് അല്‍ ഷൂയുഖില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് ഏകദേശം 74 ദിവസം കഴിഞ്ഞു.

Update: 2020-06-19 00:43 GMT

കുവൈത്ത് സിറ്റി:കുവൈത്തില്‍ കര്‍ഫ്യൂ സമയം വൈകീട്ട് 7 മുതല്‍ രാവിലെ 5 വരെയാക്കി. ജൂണ്‍ 21 മുതലാണ് കര്‍ഫ്യൂ സമയത്തിലെ മാറ്റം പ്രാബല്യത്തില്‍ വരിക. ഹവല്ലി, നുഗ്ര, മൈതാന്‍ ഹവല്ലി, ഖൈത്താന്‍ എന്നിവിടങ്ങളിലെ ലോക്ക് ഡൗണ്‍ നീക്കാനും മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍, മഹബൂല, ജലീബ് അല്‍ ഷൂയൂഖ്, ഫര്‍വാനിയ എന്നിവിടങ്ങളില്‍ നിയന്ത്രണം തുടരും. സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവിന്റെ ഭാഗമായി ഇപ്പോള്‍ തുടരുന്ന ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു. ജലീബ് അല്‍ ഷൂയുഖില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് ഏകദേശം 74 ദിവസം കഴിഞ്ഞു.

മൂന്നേകാല്‍ ലക്ഷം പേര്‍ താമസിക്കുന്ന ഇവിടെയുള്ളവരില്‍ പലരും ദിവസവേതനത്തിന് ജോലിചെയ്യുന്നവരാണ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജോലിചെയ്യാനാവാത്തതിനാല്‍ പലര്‍ക്കും താമസവാടക നല്‍കാന്‍ പോലും കഴിയുന്നില്ല. ലോക്ക് ഡൗണ്‍ നീളുന്നതിന്റെ പശ്ചാത്തലത്തില്‍ ജോലിയും ശമ്പളവുമില്ലാത്തതിനാല്‍ ചിലര്‍ ഇവിടെ നിന്ന് പുറത്തുകടക്കാനും ശ്രമിച്ചിരുന്നു. ഇത്തരത്തിലുള്ള നൂറിലധികം ശ്രമങ്ങളാണ് രണ്ടുമാസത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയത്. നിയന്ത്രണം മറികടന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.

പുറത്തുകടക്കാന്‍ ശ്രമിച്ചവരില്‍ ഭൂരിപക്ഷവും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്ത പ്രദേശങ്ങളിലേക്കാണ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. പുറത്തുകടക്കാന്‍ പഴുതുകളൊന്നുമില്ലാത്ത തരത്തില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തണമെന്നും അധികൃതര്‍ പറയുന്നു. ഭക്ഷ്യവസ്തുക്കള്‍, ഗ്യാസ് തുടങ്ങിയവ പ്രദേശത്ത് ഉറപ്പുവരുത്തുന്നുണ്ടെങ്കിലും ജോലിയും ശമ്പളവുമില്ലാത്തത് മൂലമുള്ള സാമ്പത്തികപ്രതിസന്ധിയാണ് തൊഴിലാളികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. സാമ്പത്തിക പ്രതിസന്ധി മൂലം വാടകയടയ്ക്കാത്തതിനാല്‍ വെള്ളം, വൈദ്യുതി എന്നിവയുടെ വിതരണം ചില ബില്‍ഡിങ് ഉടമകള്‍ നിര്‍ത്തിവച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. 

Tags: