കുവൈത്തില്‍ തിരിച്ചെത്തിയ മൂന്നു മലയാളി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധ

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും കുവൈത്ത് എയര്‍ വെയ്‌സ് വിമാനത്തില്‍ എത്തിയ 323 ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ പരിശോധനയില്‍ ഫലം ലഭിച്ച മൂന്നു പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

Update: 2020-06-12 12:06 GMT

കുവൈത്ത് സിറ്റി: കേരളത്തില്‍നിന്നും ഇന്നലെ കുവൈത്തില്‍ തിരിച്ചെത്തിയ ആരോഗ്യ പ്രവര്‍ത്തകരില്‍ മൂന്നു പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും കുവൈത്ത് എയര്‍ വെയ്‌സ് വിമാനത്തില്‍ എത്തിയ 323 ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ പരിശോധനയില്‍ ഫലം ലഭിച്ച മൂന്നു പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാള്‍ തിരുവല്ല മാന്നാര്‍ വളഞ്ഞ വട്ടം സ്വദേശിയാണ്. അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആണ് ഇദ്ദേഹം. മറ്റു രണ്ടു പേരില്‍ ഒരാള്‍ സ്ത്രീയാണ്. ഇവര്‍ രണ്ടു പേരും സബാഹ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാരാണ്.

എന്നാല്‍, ഇവര്‍ ഏത് ജില്ലയില്‍ നിന്നുള്ളവരാണെന്ന് വ്യക്തമല്ല. രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട മൂന്നു പേരെയും ഇപ്പോള്‍ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റി. ജാബര്‍ അല്‍ അഹമദ് പ്രദേശത്തെ ഒരു കെട്ടിടത്തില്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ബാക്കി മുഴുവന്‍ യാത്രക്കാരെയും. വിമാന സര്‍വ്വീസ് നിര്‍ത്തലാക്കിയത് കാരണം അവധി കഴിഞ്ഞ് തിരിച്ചു വരാന്‍ കഴിയാതെ ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചു വരുന്നതിനു കഴിഞ്ഞ ദിവസമാണ് കുവൈത്ത് സര്‍ക്കാര്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.

ഇതിന്റെ ഭാഗമായി കുവൈത്തില്‍ നിന്നുള്ള യാത്രക്കാരുമായി നാട്ടിലേക്ക് ചാര്‍ട്ട് ചെയ്തു പോയ കുവൈത്ത് എയര്‍ വെയ്‌സ് വിമാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ തിരിച്ചു കൊണ്ടു വരാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ വിമാനത്തില്‍ 322 പേരാണ് ഇന്നലെ എത്തിയത്. ഇവരെ നാട്ടില്‍ നിന്നു കൊവിഡ് പരിശോധനക്ക് വിധേയരാക്കാതെയാണ് കയറ്റി അയച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു ഗുരുതര വീഴ്ച പറ്റിയതായി ആരോപണമുയരുന്നുണ്ട്. 

Tags:    

Similar News