കൊവിഡ് 19 പ്രതിസന്ധി: യുഎഇയില്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കാന്‍ അനുമതി

അതേസമയം, സ്വദേശി ജീവനക്കാര്‍ക്ക് പുതിയ നിയമം ബാധകമല്ലെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്

Update: 2020-03-30 15:31 GMT

അബൂദബി: കൊവിഡ് 19 സാമ്പത്തിക മേഖലയിലുണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാന്‍ കടുത്ത നീക്കങ്ങളുമായി യുഎഇ രംഗത്ത്. തങ്ങളുടെ അധിക ജീവനക്കാരുടെ സേവനം തല്‍ക്കാലികമായി നിര്‍ത്തലാക്കാനും പരസ്പര ധാരണപ്രകാരം ശമ്പളം വെട്ടിക്കുറയ്ക്കാനും സ്വകാര്യ കമ്പനികള്‍ക്കു യുഎഇ മാനവശേഷി-സ്വദേശിവല്‍ക്കരണ അനുമതി നല്‍കി. ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വ-ദീര്‍ഘകാല അവധി നല്‍കാനും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനുമുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. കൊവിഡ് 19 കാലത്തെ പ്രതിസന്ധി മറികടക്കുന്നതിനായി തൊഴിലാളി-തൊഴിലുടമ ബന്ധം പുനഃക്രമീകരിക്കാന്‍ വേണ്ടിയാണ് അനുമതി നല്‍കിയത്. കൊവിഡ് പ്രതിസന്ധിക്കാലത്ത് കമ്പനികള്‍ക്ക് അതിജീവനത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതിയെന്നാണു അധികൃതര്‍ പറയുന്നത്. അതേസമയം, സ്വദേശി ജീവനക്കാര്‍ക്ക് പുതിയ നിയമം ബാധകമല്ലെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

    റിമോട്ട് വര്‍ക്കിങ് സിസ്റ്റം പ്രോല്‍സാഹിപ്പിക്കാം, ശമ്പളമില്ലാത്ത അവധി നല്‍കാം, ജീവനക്കാരെ ആവശ്യമേ ഇല്ലെന്ന് കരുതിയാല്‍ നേരത്തെയുള്ള ഉടമ്പടികളില്‍ മാറ്റം വരുത്താം തുടങ്ങിയ ഇളവുകളാണ് മാര്‍ച്ച് 26 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ നടപ്പാക്കുന്നത്. അതേസമയം, പരസ്പര സമ്മത പ്രകാരം, ക്രമേണയാവണം നടപടികള്‍ എടുക്കേണ്ടതെന്നും ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയം വ്യക്തമാക്കി.

    തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ നടത്തിയ ചര്‍ച്ചയനുസരിച്ച് ഉണ്ടാക്കുന്ന പുതിയ ഭേദഗതിക്ക് മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കണം. അധികമുള്ള ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ അവര്‍ക്ക് മറ്റു സ്ഥാപനങ്ങളില്‍ ജോലി നേടാനുള്ള സാവകാശം നല്‍കണം. അതത് കമ്പനികള്‍ തന്നെ മന്ത്രാലത്തിന്റെ വെബ്‌സൈറ്റില്‍ ഈ തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് മറ്റിടങ്ങളില്‍ ജോലി ലഭ്യമാക്കാന്‍ അവരമൊരുക്കണം. മറ്റു ജോലി ലഭിക്കുന്നതുവരെ താമസ സ്ഥലത്ത് തുടരാന്‍ അനുവദിക്കുകയും ഇവര്‍ക്ക് കുടിശ്ശികയുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയും വേണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.




Tags:    

Similar News