കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട 12 പേരില്‍ 6 പേരുടെ രോഗബാധയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിരുന്നില്ല. ഇതില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്ന് ആരോഗ്യമന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബ്രിട്ടനില്‍ യാത്ര ചെയ്ത വ്യക്തിയുമായുള്ള സമ്പര്‍ക്കം കാരണമാണ് ഇന്ത്യക്കാരന് വൈറസ് ബാധയുണ്ടായത്. നേരത്തേ രോഗ ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ട 2 ഇന്ത്യക്കാരില്‍ ഒരാള്‍ അസര്‍ ബൈജാനില് നിന്നെത്തിയ യാത്രക്കാരനുമായും മറ്റൊരാള്‍ ബ്രിട്ടനില്‍ നിന്നെത്തിയ യാത്രക്കാരനുമായും സമ്പര്‍ക്കം പുലര്‍ത്തിയവരായിരുന്നു.
കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ഒരാള്‍ക്കു മാത്രമാണ്. യുഎഇയില്‍ നിന്നെത്തിയ സ്വദേശിക്കാണു പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ഇന്ന് ആരും രോഗമുക്തി നേടിയതായി റിപോര്‍ട്ടില്ല. ഇതോടെ രാജ്യത്ത് ഇതുവരെയായി രോഗ ബാധിതരുടെ എണ്ണം 189 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 30 ആണ്. നിലവില്‍ 159 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 5 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നതായും ആരോഗ്യമന്ത്രാലയം അധികൃതര്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.