കൊറോണ: കുവൈത്തില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 125 ഇന്ത്യക്കാര്‍ അടക്കം 284 പേര്‍ക്ക്; രോഗമുക്തി നേടിയവര്‍ 150

ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ 284 രോഗികളില്‍ 276 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയും 4 പേരുടെ രോഗബാധയുടെ ഉറവിടം അന്വേഷണത്തിലുമാണ്.

Update: 2020-04-30 12:40 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ രോഗമുക്തരായവരുടെ എണ്ണത്തില്‍ ഇന്നും വന്‍വര്‍ധവാണ് രേഖപ്പെടുത്തിയത്. 150 രോഗികളാണ് ഇന്ന് സുഖം പ്രാപിച്ചത്. ഇതോടെ ഇതുവരെയായി ആകെ 1,539 പേര്‍ കൊറോണ വൈറസ് ബാധയില്‍നിന്നും രോഗമുക്തി നേടി. ഇന്ന് 125 ഇന്ത്യക്കാര്‍ അടക്കം ആകെ 284 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതടക്കം ഇന്ന് വരെ രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 4,024 ആയി. ഇവരില്‍ 1,894 പേര്‍ ഇന്ത്യാക്കാരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട 125 ഇന്ത്യക്കാരില്‍ മുഴുവന്‍ പേര്‍ക്കും മുമ്പ് വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണ് രോഗബാധയേറ്റത്.

ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ 284 രോഗികളില്‍ 276 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയും 4 പേരുടെ രോഗബാധയുടെ ഉറവിടം അന്വേഷണത്തിലുമാണ്. 4 പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നും ഒഴിപ്പിച്ചുകൊണ്ടുവന്നവരാണ്. ഇവര്‍ 4 പേരും സ്വദേശികളാണ്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍- 32 ഈജിപ്തുകാര്‍- 30, ബംഗ്ലാദേശികള്‍- 20, പാകിസ്താന്‍- 18, ഫിലിപ്പീന്‍സ്- 13, സിറിയ- 11, ലബനോണ്‍- 8, ജോര്‍ദാന്‍- 2, നേപ്പാള്‍- 3, സൗദി- 4, ബിദൂനി- 5, ശ്രീലങ്ക- 3, ഇറാന്‍- 5, ഇറാന്‍- 5, ഇന്തോനീസ്യ- 1, മലേസ്യ- 1, ദക്ഷിണാഫ്രിക്ക- 1, സുദാന്‍- 1, ഉസ്ബകിസ്താന്‍- 1.

ആകെ 2,459 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 66 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും 30 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊറോണ ബാധയെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയവെ ഇന്നലെ മരിച്ച രണ്ടുമലയാളികളുടെയും മരണകാരണം കൊറോണ വൈറസ് ബാധ മൂലമാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇടയാറന്‍മുള കോഴിപാലത്ത് വടക്കനോട്ടില്‍ രാജേഷ് കുട്ടപ്പന്‍ നായര്‍ (51), തൃശൂര്‍ വലപ്പാട് തൊപ്പിയില്‍ അബ്ദുല്‍ ഗഫൂര്‍ (54) എന്നിവരാണു ഇന്നലെ മരിച്ചത്.

ഇവര്‍ രണ്ടുപേരും കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇവരുടെ മരണം ഇന്നലെ റിപോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും മരണകാരണം കൊറോണ ബാധയെ തുടര്‍ന്നാണോ എന്നതിനു ഔദ്യോഗികസ്ഥിരീകരണം ലഭിച്ചിരുന്നില്ല. ഇന്ന് ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തിലാണു ഇതുസംബന്ധിച്ച് സ്ഥിരീകരണമുണ്ടായത്. ഇതോടെ കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 26 ആയി. ഇവരില്‍ 10 പേര്‍ ഇന്ത്യക്കാരാണ്. 

Tags:    

Similar News