ഷാര്‍ജയിലെ ഏറ്റവും വലിയ മസ്ജിദ് ഉദ്ഘാടനം ചെയ്തു

കാല്‍ ലക്ഷം പേര്‍ക്ക് ഒരേ സമയം നമസ്‌ക്കരിക്കാന്‍ കഴിയുന്ന 300 ദശലക്ഷം ദിര്‍ഹം ചിലവിട്ട് നിര്‍മിച്ച മസ്ജിദ് ഉല്‍ഘാടനം ചെയ്തു.

Update: 2019-05-11 20:34 GMT

ഷാര്‍ജ: കാല്‍ ലക്ഷം പേര്‍ക്ക് ഒരേ സമയം നമസ്‌ക്കരിക്കാന്‍ കഴിയുന്ന 300 ദശലക്ഷം ദിര്‍ഹം ചിലവിട്ട് നിര്‍മിച്ച മസ്ജിദ് ഉല്‍ഘാടനം ചെയ്തു. യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ ഷാര്‍ജ കിരീടാവകാശി ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താനും പങ്കെടുത്തു. എമിറേറ്റസ് റോഡും മലീഹ റോഡും കൂടിച്ചേരുന്നിടത്തുള്ള ഇന്റര്‍സെക്ഷനിലാണ് 20 ലക്ഷം ച. അടിയില്‍ ഈ മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്. പള്ളിക്കകത്തും പുറത്തുമായി ഒരേ സമയം കാല്‍ ലക്ഷം പേര്‍ക്ക് നമസ്‌കരിക്കാന്‍ കഴിയുന്ന ഈ ആരാധനാലയത്തില്‍ 610 വനിതകള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നമസക്കരിക്കുന്നവര്‍ക്ക് അംഗശുദ്ധി വരുത്തുന്നതിനായി രണ്ട് സ്ഥലങ്ങളിലായി സൗകര്യം ഒരുക്കിയിട്ടുണ്ട്. വൃദ്ധര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നമസ്‌കരിക്കാന്‍ പള്ളിയില്‍ പ്രവേശിപ്പിക്കാനായി 200 വീല്‍ ചെയറുകളും ഒരുക്കിയിട്ടുണ്ട്. അമുസ്്‌ലിംകള്‍ക്ക് പള്ളിയില്‍ സന്ദര്‍ശനം നടത്താന്‍ സൗകര്യം ഏര്‍പ്പെടുത്തകയും അവര്‍ക്ക് ഇസ്ലാമിനെ കുറിച്ച് പഠിക്കാന്‍ കഴിയുന്ന മ്യൂസിയവും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഇതിനകത്ത് ഗിഫ്റ്റ് ഷോപ്പ്, കഫറ്റീരിയ, ഓപണ്‍ എരിയ, ജലധാര തുടങ്ങിയ ആകര്‍ഷണങ്ങളും ഉണ്ട്. സമീപത്തുള്ള പാര്‍ക്കിങ് ഏരിയയില്‍ ഒരേ സമയം 2260 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനും കഴിയും. മസ്ജിദിനകത്തേക്ക് പ്രവേശിക്കാന്‍ 6 വഴികളാണ് ഒരുക്കിയിരിക്കുന്നത്. നാല് ഗേറ്റുകള്‍ പൊതു ജനങ്ങള്‍ക്കും രണ്ട് ഗേറ്റുകള്‍ സ്ത്രീകള്‍ക്കും ഒരു ഗേറ്റ് വിഐപികള്‍ക്കും ഒരു ഗേറ്റ് ബസ്സ് യാത്രക്കാര്‍ക്കുമാണ്. 

Tags:    

Similar News