ബാബരി മസ്ജിദ്: വിധി നീതിയുക്തമല്ലെന്ന് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം

ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ മസ്ജിദ് നിര്‍മിക്കുകയെന്ന നീതി ലഭ്യമാവാന്‍ ജനാതിപത്യ നീതിന്യായ വ്യവസ്ഥിതികളെ പരമാവധി ഉപയോഗിക്കാനുള്ള സുന്നി വഖഫ് ബോര്‍ഡിന്റെയും പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെയും ശ്രമങ്ങള്‍ക്ക് സര്‍വ പിന്തുണയും നല്‍കുന്നുവെന്നും ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

Update: 2019-11-09 15:24 GMT

ദമ്മാം: ബാബരി മസ്ജിദ് ഉടമസ്ഥാവകാശം സംബന്ധിച്ച സുപ്രിംകോടതി വിധി നീതിയുക്തമല്ലെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദി കോ-ഓഡിനേഷന്‍ കമ്മിറ്റി. മസ്ജിദില്‍ വിഗ്രഹം സ്താപിച്ചതാണെന്നും 1992 ഡിസംബര്‍ 6ന് പള്ളി തകര്‍ത്തത് നിയമവിരുദ്ധമാണെന്നും കണ്ടെത്തിയ കോടതിതന്നെ വിധി മറ്റൊരു തരത്തില്‍ പ്രസ്താവിച്ചത് സംഘപരിവാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതായി. മസ്ജിദ് നിര്‍മിക്കാന്‍ പകരം സ്ഥലം നല്‍കാമെന്ന വിധി അപ്രസക്തമാണ്. എവിടെയെങ്കിലും ഒരു മസ്ജിദ് നിര്‍മിച്ചുകിട്ടുക എന്നതായിരുന്നില്ല കേസില്‍ കക്ഷി ചേര്‍ന്നതുള്‍പ്പെടെയുള്ളവരുടെ ആവശ്യം. ബാബരി നിലനിന്ന സ്ഥലത്ത് തന്നെ മസ്ജിദ് പണിയുമെന്ന് അന്നത്തെ സര്‍ക്കാര്‍ ഇന്ത്യന്‍ സമൂഹത്തിന് ഉറപ്പുനല്‍കിയതാണ്. എന്നാല്‍ അക്രമികള്‍ക്ക് ഇനിയും നിരര്‍ഥകവാദങ്ങള്‍ ഉയര്‍ത്താന്‍ പ്രചോദിതമാവും വിധമാണ് വിധി വന്നിട്ടുള്ളത്. ഇത് നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ പൈതൃകത്തില്‍ വിശ്വസിക്കുന്നവരില്‍ ആശങ്കയും അസ്വസ്ഥയും പടര്‍ത്തും. രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള വിധി ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥിതിയില്‍ വിശ്വാസം നഷ്ടപ്പെടുത്തും. വിധി വിശദമായി പരിശോധിച്ച് പുനപരിശോധന ഹരജി നല്‍കുമെന്ന പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ പ്രതികരണം നിയമസാധ്യത ഇനിയും നിലനില്‍ക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ മസ്ജിദ് നിര്‍മിക്കുകയെന്ന നീതി ലഭ്യമാവാന്‍ ജനാതിപത്യ നീതിന്യായ വ്യവസ്ഥിതികളെ പരമാവധി ഉപയോഗിക്കാനുള്ള സുന്നി വഖഫ് ബോര്‍ഡിന്റെയും പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെയും ശ്രമങ്ങള്‍ക്ക് സര്‍വ പിന്തുണയും നല്‍കുന്നുവെന്നും ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.



Tags:    

Similar News