സെര്‍വര്‍ തകരാര്‍ പരിഹരിച്ചെന്ന് എയര്‍ ഇന്ത്യ; സര്‍വീസുകള്‍ സാധാരണ നിലയിലാവാന്‍ ഇനിയും കാത്തിരിക്കണം

എന്നാല്‍, ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ സാധാരണ നിലയിലാവാന്‍ ഇനിയും സമയമെടുക്കും. വൈകാതെ തന്നെ കാര്യങ്ങള്‍ സാധാരണനിലയിലേക്കാവുമെന്നാണ് എയര്‍ ഇന്ത്യ സിഎംഡി അശ്വമി ലൊഹാനി അറിയിച്ചത്. സര്‍വര്‍ തകരാറിലായതിനെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നര മുതലുള്ള സര്‍വീസുകളാണ് തടസ്സപ്പെട്ടത്.

Update: 2019-04-27 05:22 GMT

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചെന്ന് അധികൃതരുടെ വിശദീകരണം. എന്നാല്‍, ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ സാധാരണ നിലയിലാവാന്‍ ഇനിയും സമയമെടുക്കും. വൈകാതെ തന്നെ കാര്യങ്ങള്‍ സാധാരണനിലയിലേക്കാവുമെന്നാണ് എയര്‍ ഇന്ത്യ സിഎംഡി അശ്വമി ലൊഹാനി അറിയിച്ചത്. സര്‍വര്‍ തകരാറിലായതിനെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നര മുതലുള്ള സര്‍വീസുകളാണ് തടസ്സപ്പെട്ടത്. ഇതോടെ ആഭ്യന്തര വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍നിന്ന് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യേണ്ടവരെല്ലാം ദുരിതത്തിലായി.

എയര്‍ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളിലെ യാത്രക്കാരെയാണ് ഈ പ്രശ്‌നം ബാധിച്ചിരിക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ മാത്രം 2,000 യാത്രക്കാരാണ് കുടുങ്ങിയത്. രാജ്യാന്തര ഐടി കമ്പനിയാണ് എയര്‍ ഇന്ത്യയ്ക്ക് ഐടി സേവനങ്ങള്‍ നല്‍കുന്നത്. സര്‍വര്‍ തകരാറായതോടെ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസുകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സര്‍വര്‍ തകരാറിലായതോടെ 19 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. ആറുമണിക്കൂറിന് ശേഷമാണ് സര്‍വര്‍ തകരാര്‍ പരിഹരിച്ചത്. ആദ്യഘട്ടത്തില്‍ കാരണമെന്തെന്ന് വിശദീകരിക്കാന്‍ പോലും എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായില്ലെന്നാണ് പരാതി.

യാത്ര അനിശ്ചിതത്വത്തിലായതോടെ ലോകമെമ്പാടുമുള്ള വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് യാത്രക്കാരോട് ക്ഷമാപണം നടത്തി വിശദീകരണവുമായി എയര്‍ ഇന്ത്യ രംഗത്തെത്തിയത്. എയര്‍ലൈന്‍ പാസഞ്ചര്‍ സിസ്റ്റമാണ് നിലച്ചിരിക്കുന്നതെന്നാണ് അശ്വനി ലോഹാനി അറിയിച്ചത്. 

Tags:    

Similar News