ഗസയില്‍ യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെയുളളവരുടെ പുതിയ സംഘം യുഎഇയില്‍ എത്തി

Update: 2024-02-02 10:38 GMT
അബുദബി: ഗസയില്‍ യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെയുളളവരുടെ പുതിയ സംഘം ചികിത്സക്കായി യുഎഇയില്‍ എത്തി. പരിക്കേറ്റ 49 കുട്ടികളും അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ക്യാന്‍സര്‍ രോഗികളും കുടുംബാംഗങ്ങളും അടങ്ങുന്ന ഒമ്പതാമത്തെ സംഘമാണ് ബുധനാഴ്ച യുഎഇയിലെത്തിയത്. യുഎഇയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഈജിപ്തിലെ അല്‍ അരിഷ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം അബുദബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണെത്തിയത്.

ഗസയില്‍ നിന്നുള്ള 1,000 കുട്ടികള്‍ക്കും 1,000 കാന്‍സര്‍ രോഗികള്‍ക്കും ചികിത്സ ലഭ്യമാക്കുന്നമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നീക്കം. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ നല്‍കുന്നത്. യുഎഇയിലെ വിവിധ ആശുപത്രികളിലായി 426 രോഗികള്‍ക്ക് ചികിത്സ ലഭിച്ചിരുന്നു.

ഗസയിലെ യുഎഇ ഫീല്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന രോഗബാധിതരുടെ എണ്ണം 2,644 ആയി. 'ഗാലന്റ് നൈറ്റ് 3' ഓപ്പറേഷന്റെ ഭാഗമായാണ് യുഎഇയുടെ നേതൃത്വത്തില്‍ ഗാസയില്‍ ഫീല്‍ഡ് ആശുപത്രി സ്ഥാപിച്ചത്. ആശുപത്രി സ്ഥാപിച്ചതിന് ശേഷം യുഎഇ 15,000 ടണ്‍ ഭക്ഷ്യസഹായം അയച്ചിട്ടുണ്ട്. ഗസയിലെ 600,000ലധികം ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രതിദിനം 1.2 ദശലക്ഷം ഗാലന്‍ ശേഷിയുള്ള ജലശുദ്ധീകരണ സ്റ്റേഷനുകളും രാജ്യം സ്ഥാപിച്ചു.






Tags:    

Similar News