മിനായില്‍ ഹാജിമാര്‍ക്ക് സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പ്

ഹാജിമാര്‍ മിനയിലെത്തിയതോടെ അവര്‍ക്കു സേവകരായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍മാരും മിനായില്‍ എത്തിയിരുന്നു.

Update: 2022-07-12 14:28 GMT

മക്ക: ഈവര്‍ഷത്തെ വിശുദ്ധ ഹജ്ജിന്റെ കര്‍മങ്ങള്‍ അവസാനിപ്പിച്ച് പാപമുക്തരായി പത്തുലക്ഷത്തോളം വരുന്ന അല്ലാഹുവിന്റെ അതിഥികള്‍ മിന താഴ്‌വരയോട് വിടവാങ്ങി. ദുല്‍ഹിജ്ജ എട്ടിന് മിനായിലെ രാപാര്‍ത്തു തുടങ്ങിയ കര്‍മങ്ങള്‍ 13 ഓട് കൂടി പരിപൂര്‍ണമായി പൂര്‍ത്തിയാകുന്നത്. ഹാജിമാര്‍ മിനയിലെത്തിയതോടെ അവര്‍ക്കു സേവകരായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍മാരും മിനായില്‍ എത്തിയിരുന്നു.അവസാന ഹാജിമാരെയും മിനായില്‍ നിന്നും സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പ് നല്‍കിയാണ് ഫോറം വളണ്ടിയര്‍മാര്‍ മിന താഴ്‌വരയോട് വിടപറഞ്ഞത്.

കൈനിറയെ സന്തോഷത്തിന്റെ അനുഭവങ്ങളും അല്ലാഹുവിന്റെ അതിഥികളെ സേവിക്കാന്‍ കഴിഞ്ഞ ആത്മ നിര്‍വൃതിയും കൊണ്ട് മിനയോടു വിടവാങ്ങുമ്പോള്‍ വരും വര്‍ഷത്തില്‍ ഈ പാതയില്‍ ഒരുപാടു കാലം അവസരം നല്‍കണേ എന്ന പ്രാര്‍ഥനകളുമായിരുന്നു ഫോറം വളണ്ടിയര്‍മാര്‍ക്ക് ഉണ്ടായിരുന്നത്.

ഹജ്ജ് കര്‍മവും സേവന പാതയും സന്തുഷ്ടമായി അവസാനിച്ചതില്‍ ദൈവിക സ്തുതി അര്‍പ്പിച്ചു തമ്പുകളുടെ താഴ്‌വരയായ മിനായില്‍ നിന്നും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍മാര്‍ വിടവാങ്ങി.

Tags: