ദുബയില്‍ 7000 ഗോള്‍ഡന്‍ കാര്‍ഡ് വിസകള്‍ ഇഷ്യു ചെയ്തു

Update: 2020-11-22 17:50 GMT


മേജര്‍ ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി സിറ്റിസ്‌കേപ്പ് ഗ്ലോബല്‍ സബ്മിറ്റില്‍ സംസാരിക്കുന്നു


ദുബയ്: 7000 ഗോള്‍ഡന്‍ കാര്‍ഡ് വിസകള്‍ ദുബയില്‍ ഇതുവരെ ഇഷ്യു ചെയ്തതായി ദുബയ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി അറിയിച്ചു. നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, വിവിധ മേഖലകളിലെ പ്രതിഭകള്‍, രാജ്യാന്തര കായിക താരങ്ങള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കാണ് ഇത്തരത്തില്‍ വിസ അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ദുബയില്‍ നടന്ന സിറ്റിസ്‌കേപ്പ് ഗ്ലോബല്‍ സബ്മിറ്റില്‍ സംസാരിക്കുകയായിരുന്നു.

    യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് റാഷിദ് ബിന്‍ അല്‍ മക്തും 2019ല്‍ മെയ് മാസത്തിലാണ് ഗോള്‍ഡ് കാര്‍ഡ് വിസാ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഭാവി വികസനത്തിനായി കഴിവുള്ളവരെ സ്വീകരിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. അഞ്ചു വര്‍ഷവും 10 വര്‍ഷവും കാലാവധിയുള്ള ദീര്‍ഘകാല വിസയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കു ശക്തമായ ഉത്തേജനമാണ് പദ്ധതി. 5 മില്ല്യണ്‍ ദിര്‍ഹമിന്റെ പ്രോപ്പര്‍ട്ടി കൈവശമുള്ളവര്‍ക്കാണ് മേഖലയില്‍ നിന്ന് ഇതിന്റെ ഭാഗമാവാന്‍ കഴിയുക. 103 രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കാണ് ദുബയില്‍ ഗോള്‍ഡന്‍ കാര്‍ഡ് വിസാ അനുവദിച്ചതെന്നും മേജര്‍ ജനറല്‍ അല്‍ മര്‍റി പറഞ്ഞു.

    കൂടുതല്‍ വിഭാഗങ്ങളിലുള്ള പ്രൊഫഷനലുകള്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ റസിഡന്‍സി വിസ അനുവദിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പിഎച്ച്ഡിയുള്ളവര്‍, എല്ലാ ഡോക്ടര്‍മാരും, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ്, പ്രോഗ്രാമിങ്, ഇലക്ട്രിസിറ്റി, ബയോ ടെക്‌നോളജി എന്നീ വിഭാഗങ്ങളിലുള്ള എന്‍ജിനിയര്‍മാര്‍, അംഗീകൃത യൂനിവേഴ്‌സിറ്റികളില്‍ നിന്ന് 3.8 ല്‍ കൂടൂതല്‍ സ്‌കോര്‍ ലഭിച്ചവര്‍ എന്നിവര്‍ക്കാണ് പ്രഖ്യാപനതിന്റെ ഭാഗമായി ഗോള്‍ഡന്‍ വിസ ലഭിക്കുക. അതോടൊപ്പം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, വൈറല്‍ എപ്പിഡമോളജി എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ അറിയിച്ചിരുന്നു.

7000 Golden Card visas have been issued in Dubai

Tags: