സാമൂഹ്യ മാധ്യമത്തിലൂടെ വര്‍ഗീയ പരാമര്‍ശം: മൂന്നു ഇന്ത്യക്കാര്‍ക്കെതിരേ നടപടി; നിലപാട് കടുപ്പിച്ച് യുഎഇ

ദുബയിലെ ഇറ്റാലിയന്‍ റസ്റ്ററന്റില്‍ ഷെഫായ റാവത് രോഹിത്, ഷാര്‍ജയിലെ കമ്പനിയില്‍ സ്റ്റോര്‍കീപ്പറായ സചിന്‍ കിന്നിഗോളി, കമ്പനി പേരു വെളിപ്പെടുത്താത്ത കാഷ്യര്‍ തുടങ്ങിയവരാണ് നടപടി നേരിട്ടത്.

Update: 2020-05-03 11:25 GMT

അബുദബി: സാമൂഹ്യ മാധ്യമത്തിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തിയ മൂന്നു ഇന്ത്യക്കാരെ ജോലിയില്‍നിന്നു പിരിച്ചുവിടുകയും നിയമനടപടികള്‍ക്കായി പോലിസിന് കൈമാറുകയും ചെയ്തു. ദുബയിലെ ഇറ്റാലിയന്‍ റസ്റ്ററന്റില്‍ ഷെഫായ റാവത് രോഹിത്, ഷാര്‍ജയിലെ കമ്പനിയില്‍ സ്റ്റോര്‍കീപ്പറായ സചിന്‍ കിന്നിഗോളി, കമ്പനി പേരു വെളിപ്പെടുത്താത്ത കാഷ്യര്‍ തുടങ്ങിയവരാണ് നടപടി നേരിട്ടത്. നേരത്തേയും സമാനതരത്തില്‍ നിരവധി ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടമാവുകയും നാടുകടത്തപ്പെടുകയും ചെയ്തിരുന്നു.

രാജ്യത്ത് 'ഇസ്ലാമോഫോബിയ'പരത്തുന്നവര്‍ക്കെതിരേ യുഎഇ അടുത്തിടെ നിലപാട് കടുപ്പിച്ചിരുന്നു.

യുഎഇ സൈബര്‍ നിയമമനുസരിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് ഷെഫ് റാവത് രോഹിതിനെ പിരിച്ചുവിട്ടതായും ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും ഇറ്റാലിയന്‍ റസ്റ്ററന്റ് ശൃംഖല നടത്തുന്ന അസാദിയ ഗ്രൂപ്പ് വക്താവ് പറഞ്ഞു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജോലിക്ക് വരേണ്ടതില്ലെന്ന് സചിന്‍ കിന്നിഗോളിയെ അറിയിച്ചതായി ന്യൂമിക് ഓട്ടോമേഷന്‍ കമ്പനിയുടമയും അറിയിച്ചു. കമ്പനി നടത്തിയ അന്വേഷണത്തില്‍ മൂന്നാമന്‍ വിശാല്‍ താകൂര്‍ എന്ന പേരിലാണ് പോസ്റ്റുകള്‍ ഇട്ടിരുന്നത്. ഇയാള്‍ തങ്ങളുടെ ജീവനക്കാരനാണെന്ന് ട്രാന്‍സ് ഗ്വാര്‍ഡ് ഗ്രൂപ്പ് കണ്ടെത്തിയിരുന്നു. ഇയാളെയും പോലിസിന് കൈമാറി.

ഇത്തരത്തില്‍ വിദ്വേഷ പ്രചരണം നടത്തിയ നിരവധി ഇന്ത്യക്കാര്‍ യുഎഇയില്‍ നിയമ നടപടി നേരിടുകയാണ്. ഇത്തരം പ്രവണതകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ഇന്ത്യന്‍ സ്ഥാനപതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗള്‍ഫിലെ മറ്റു രാജ്യങ്ങളിലെ സ്ഥാനപതിമാരും സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തേ ഇന്ത്യക്കാരന്റെ വര്‍ഗീയ ട്വീറ്റിനെതിരേ യുഎഇ രാജകുമാരി തന്നെ മുന്നോട്ട് വന്നിരുന്നു. 

Tags:    

Similar News