അടുത്ത ഹജ്ജിനും 1,75,025 പേര്‍ക്ക് ഇന്ത്യയില്‍ നിന്നും അവസരം ഉണ്ടായിരിക്കും

Update: 2023-12-14 05:06 GMT

ജിദ്ദ: അടുത്ത വര്‍ഷത്തെ ഹജ്ജിനും ഇന്ത്യയില്‍നിന്ന് 1,75,025 പേര്‍ക്ക് അവസരം ഉണ്ടായിരിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ ആന്റ് പ്രസ് ഇന്‍ഫര്‍മേഷന്‍ കോണ്‍സുല്‍ മുഹമ്മദ് ഹാഷിം പറഞ്ഞു. ജിദ്ദയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച അത്താഴവിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.

ജിദ്ദയിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി കോണ്‍സുലേറ്റ് മികച്ച സേവനമാണ് തുടരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യക്കാരുടെ മുന്നൂറോളം തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഈ വര്‍ഷം ഇതേവരെ പരിഹരിച്ചു. സ്പോണ്‍സര്‍മാര്‍ ഒളിച്ചോടിയവരായി (ഹുറൂബ്) പ്രഖ്യാപിച്ച 3092 ഇന്ത്യക്കാരെ സ്വദേശത്തേക്ക് തിരിച്ചയക്കുന്നതിനും ഇഖാമ കാലഹരണപ്പെട്ട ഏകദേശം 2900 ഇന്ത്യക്കാരെ സഹായിക്കുന്നതിനും സാധിച്ചു. ദുരിതബാധിതരായ 400 ഓളം ഇന്ത്യക്കാരുമായി വെര്‍ച്വല്‍ മീറ്റിംഗുകള്‍ നടത്തി. ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് ഏകദേശം പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1200 മരണ കേസുകളില്‍, 981 മൃതദേഹങ്ങളും ഇവിടെ തന്നെ മറവു ചെയ്യുന്നതിനുള്ള എന്‍.ഒ.സി നല്‍കി. 219 പേരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് എന്‍.ഒ.സി നല്‍കി. അഞ്ച് കോടിയിലധികം വരുന്ന തുക മരണ നഷ്ടപരിഹാരത്തിനും നിയമപരമായ സേവനാനന്തര ആനുകൂല്യങ്ങളും തീര്‍പ്പാക്കാത്ത ശമ്പളവും നല്‍കാനും സഹായിച്ചു. ഇന്ത്യന്‍ തടവുകാരെ സഹായിക്കുന്നതിനും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുന്നതിനുമായി കോണ്‍സുലേറ്റ് ജീവനക്കാര്‍ 25 തവണ രാജ്യത്തെ വിവിധ ജയിലുകളില്‍ സന്ദര്‍ശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.



2023 ജനുവരി മുതല്‍ നവംബര്‍ വരെ കോണ്‍സുലേറ്റ് മൊത്തം 51,980 പാസ്പോര്‍ട്ടുകള്‍ നല്‍കി. കോണ്‍സുലാര്‍ സേവനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ പ്രധാന നഗരങ്ങളില്‍ പതിവായി കോണ്‍സുലര്‍ ടൂറുകള്‍ നടത്തി. നിരവധി ഓപ്പണ്‍ ഹൗസ് സെഷനുകള്‍ സംഘടിപ്പിച്ചു. ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ പരാതികള്‍ ബോധിപ്പിച്ചു.


സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്, ഇന്ത്യന്‍ സമൂഹവുമായി സഹകരിച്ച്, കോണ്‍സുലേറ്റ് ദീപാവലി ആഘോഷം, യൂണിറ്റി ഡേ ആഘോഷം, കളേഴ്സ് ഓഫ് ഇന്ത്യ, അനന്തോല്‍സവം 2023, ദേശീയ വിദ്യാഭ്യാസ ദിനം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്തോ-സൗദി സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി കോണ്‍സുലേറ്റും ഇന്ത്യന്‍ കമ്മ്യൂണിറ്റിയും സൗദി ഫ്രണ്ട്സ് ഓഫ് ഇന്ത്യയും ചേര്‍ന്ന് അടുത്ത വര്‍ഷം ജനുവരി 19 ന് ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയില്‍ 'സൗദി-ഇന്ത്യ ഫെസ്റ്റിവല്‍' സംഘടിപ്പിക്കുമെന്നും കോണ്‍സുല്‍ കോണ്‍സല്‍ മുഹമ്മദ് ഹാഷിം പറഞ്ഞു





Tags:    

Similar News