ഡോ. അമന്‍ പുരി പുതിയ ദുബയ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍

ദന്ത ഡോക്ടറില്‍ നിന്ന് നയതന്ത്രജ്ഞനായി മാറിയ ഡോ. അമന്‍ പുരി ദുബയിലെ പുതിയ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായി ജൂലൈ മധ്യത്തോടെ ചുമതലയേല്‍ക്കും.

Update: 2020-07-02 12:16 GMT

ദുബയ്: ദന്ത ഡോക്ടറില്‍ നിന്ന് നയതന്ത്രജ്ഞനായി മാറിയ ഡോ. അമന്‍ പുരി ദുബയിലെ പുതിയ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായി ജൂലൈ മധ്യത്തോടെ ചുമതലയേല്‍ക്കും. നിലവിലെ കോണ്‍സുല്‍ ജനറല്‍ വിപുല്‍ തന്റെ മൂന്നു വര്‍ഷത്തെ സേവനത്തിനു ശേഷം ന്യൂഡെല്‍ഹിയിലെ വിദേശ കാര്യ സര്‍വീസിലേക്ക് മടങ്ങിപ്പോകുന്നതിനാലാണ് പുതിയ കോണ്‍സുല്‍ ജനറലായി അമന്‍ പുരി എത്തുന്നത്. ജൂലൈ ഏഴിന് വന്ദേ ഭാരത് മിഷന്‍ വിമാനത്തില്‍ വിപുല്‍ ഇന്ത്യയിലേക്ക് മടങ്ങും. 2017 ഏപ്രില്‍ മുതല്‍ ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മേധാവിയായി വിപുല്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ബ്രിട്ടനിലെ ബിര്‍മിംങ്ഹാമിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മേധാവിയായി നിലവില്‍ പ്രവര്‍ത്തിച്ചു വരികയാണ് 44കാരനായ ഡോ. അമന്‍ പുരി. 1976ല്‍ ജനിച്ച അമന്‍ പുരി ഛണ്ഡിഗഢിലെ സെന്റ് ജോണ്‍സ് സ്‌കൂളിലെ പഠന ശേഷം അമൃത്‌സറിലെ ഒരു ഡെന്റല്‍ കോളജില്‍ നിന്നും ഡെന്റല്‍ ബിരുദം നേടി. ശേഷം, 2003ല്‍ ഇന്ത്യന്‍ ഫോറീന്‍ സര്‍വീസില്‍ ചേര്‍ന്നു. 2017 ഫെബ്രുവരി മുതല്‍ ബിര്‍മിംങ്ഹാമില്‍ കോണ്‍സുല്‍ ജനറലാണ്. 2013 മുതല്‍ '16 വരെ ന്യൂഡെല്‍ഹി റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസറായിരുന്നു. 2010 മുതല്‍ '13 വരെ ഡെപ്യൂട്ടി ചീഫ് ഓഫ് ദി പ്രൊട്ടോകോള്‍ (സെറിമോണിയല്‍) ആയി പ്രവര്‍ത്തിച്ചു. 2009 മുതല്‍ ഛണ്ഡിഗഢ് പാസ്‌പോര്‍ട്ട് ഓഫീസറായും സേവനമനുഷ്ഠിച്ചു. 2005 മുതല്‍ 2008 വരെ ബ്രസ്സല്‍സ് ആസ്ഥാനമായ യൂറോപ്യന്‍ യൂണിയന്‍, ബെല്‍ജിയം, ലക്‌സംബര്‍ഗ് ഇന്ത്യന്‍ മിഷനിലാണ് ഡോ. അമന്‍ പുരി തന്റെ ആദ്യ കാല നയതന്ത്ര ജീവിതമാരംഭിച്ചത്. 

Tags: