ദുബായിലെ ജനവാസ മേഖലയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് നാല് പ്രവാസികള്‍ക്ക് പരിക്ക്
ദുബായ്: തെക്കന്‍ ദുബായിലെ ജനവാസ മേഖലയില്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് പരിക്കേറ്റത് 4 ഏഷ്യന്‍ വംശജര്‍ക്കാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ നാശനഷ്ടങ്ങളും റിപോര്‍ട്ട് ചെയ്തിരുന്നു.
ശത്രുതാപരമായ നീക്കങ്ങളെ വിജയകരമായി പ്രതിരോധിക്കുന്നതിനിടെയാണ് തകര്‍ന്ന മിസൈല്‍ ഭാഗങ്ങള്‍ വീടുകള്‍ക്ക് മുകളില്‍ വീണതെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. ഏഷ്യന്‍ വംശജരുടെ പരിക്ക് നിസാരമാണ്. ഇവര്‍ക്ക് ആവശ്യമായ പ്രഥമശുശ്രൂഷകള്‍ നല്‍കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഏതാനും വീടുകള്‍ക്കും സ്വത്തുക്കള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സുരക്ഷാ സേനയും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തു.
രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം അതീവ ജാഗ്രതയിലാണെന്നും ഇത്തരം നീക്കങ്ങളെ ഫലപ്രദമായി നേരിടുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കണമെന്നും ഓര്‍മിപ്പിച്ചു.