ഒമാനില്‍ വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം; ആളപായമില്ലെന്ന് അഗ്നിശമന സേന

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക റിപോര്‍ട്ടുകള്‍.

Update: 2022-06-10 19:13 GMT

മസ്‍കത്ത്: ഒമാനില്‍ വാഹനങ്ങളുടെ പഴയ സ്‍പെയര്‍ പാര്‍ട്സ് വില്‍ക്കുന്ന വര്‍ക്ക്ഷോപ്പില്‍ തീപിടുത്തം. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ റുസ്‍തഖ് വിലായത്തിലുള്ള ഇന്‍ഡ്രസ്ട്രിയല്‍ ഏരിയയിലായിരുന്നു സംഭവം.

വിവരം ലഭിച്ചതനുസരിച്ച് സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെയും നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെയും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പുകള്‍ക്ക് കീഴിലുള്ള അഗ്നിശമന സേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക റിപോര്‍ട്ടുകള്‍. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കമ്പനികളും സുരക്ഷാ മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.