ഷാര്‍ജ തീരത്ത് കപ്പലിന് സമീപം സ്‌ഫോടനം; പ്രൊജക്‌റ്റൈല്‍ ആക്രമണമെന്ന് സംശയം

Update: 2026-03-22 14:03 GMT

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജ തീരത്തിന് വടക്ക് ഏകദേശം 15 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ ചരക്കുകപ്പലിന് സമീപം സ്‌ഫോടനം. ബള്‍ക്ക് കാരിയര്‍ കപ്പലിന് നേരെയാണ് അജ്ഞാത ഉറവിടത്തില്‍ നിന്നുള്ള പ്രൊജക്‌റ്റൈല്‍ പതിച്ച് സ്‌ഫോടനമുണ്ടായത്. യുകെ മാരിറ്റൈം ട്രേഡ് ഓപറേഷന്‍സ് (UKMTO) ആണ് ഇത് സംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്.

കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ക്യാപ്റ്റന്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തിന്റെ ലക്ഷ്യം വ്യക്തമല്ലാത്തതിനാല്‍ സംഭവത്തെക്കുറിച്ച് അധികൃതര്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.

മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് യുകെഎംടിഒ നിര്‍ദേശിച്ചു. സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും മുന്നറിയിപ്പുണ്ട്. യുഎഇക്കും സൗദിക്കും നേരെ മിസൈല്‍ - ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കടലിലുണ്ടായ ഈ സ്‌ഫോടനം അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.