പ്രവാസികളടക്കം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് യുഎഇ

കൊവിഡ് കാരണം കുടുബാംഗം നഷ്ടപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങാവാനും അവരുടെ വേദനകളെ അതിജീവിക്കാന്‍ പ്രാപ്തമാക്കാനുമാണ് നടപടി

Update: 2020-04-17 18:18 GMT

ദുബൈ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ്. യുഎഇയിലുള്ള ഏത് രാജ്യക്കാരായാലും അവരെ സംരക്ഷിക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് കാരണം കുടുബാംഗം നഷ്ടപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങാവാനും അവരുടെ വേദനകളെ അതിജീവിക്കാന്‍ പ്രാപ്തമാക്കാനുമാണ് നടപടിയെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയര്‍മാന്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനും സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അതീഖ് അല്‍ ഫലാഹിയും പറഞ്ഞു. കൊവിഡ് മരണം അവരുടെ കുടുംബത്തിലുണ്ടാക്കിയേക്കാവുന്ന ആഘാതം മറികടക്കാനാവണം. പ്രിയപ്പെട്ടവരെ നഷ്ടമായ വേദനയില്‍ നിന്ന് കരകയറാന്‍ പ്രാപ്തമാക്കുന്ന എല്ലാ സഹായവും എമിറേറ്റ്സ് റെഡ് ക്രസന്റ് അവര്‍ക്ക് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും അവരുടെ സാമൂഹിക ചുറ്റുപാടും ജീവിത സാഹചര്യങ്ങളും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ആവശ്യങ്ങളും കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയെന്ന് അല്‍ ഫലാഹി പറഞ്ഞു. രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കരുതല്‍ നടപടികളും ഉറപ്പാക്കുന്നതിനും റെഡ് ക്രസന്റ് നിര്‍ണായക പങ്കുവഹിക്കുകയാണ്.

Similar News