കുവൈത്തിൽ കൊവിഡ് വാക്സിൻ പ്രചാരണ ഉദ്ഘാടനം പ്രധാനമന്ത്രി‌ നിർവഹിച്ചു

ആരോഗ്യ രംഗത്തെ മുൻനിര പ്രവർത്തകർ, 65 വയസ്സിനു മുകളിൽ പ്രായമായവർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ കുത്തിവയ്പ്പ്‌ നൽകുക.

Update: 2020-12-24 13:13 GMT

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ കൊവിഡ്‌ പ്രതിരോധ വാക്സിൻ കുത്തി വെപ്പ്‌ ആരംഭിച്ചു. ഇന്ന് കാലത്ത്‌ മിഷിരിഫ്‌ ഫെയർ ഗ്രൗണ്ടിൽ നടന്ന വാക്സിൻ പ്രചാരണ ഉദ്ഘാടനം പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹ്‌ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌, ഉപ പ്രധാനമന്ത്രിയും കാബിനറ്റ്‌ കാര്യ മന്ത്രിയുമായ അനസ്‌ അൽ സാലെഹ്‌ എന്നിവർ കുത്തിവയ്പ്പ്‌ സ്വീകരിച്ചു.

ആരോഗ്യ രംഗത്തെ മുൻനിര പ്രവർത്തകർ, 65 വയസ്സിനു മുകളിൽ പ്രായമായവർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ കുത്തിവയ്പ്പ്‌ നൽകുക. വാക്സിൻ സ്വീകരിക്കാൻ താൽപര്യമുള്ളവർക്ക്‌ ആരോഗ്യ മന്ത്രാലയം ഓൺ ലൈൻ റെജിസ്ട്രേഷൻ ഏർപ്പെടുത്തിയിരുന്നു. ഇതിനകം 83 ആയിരം പേരാണ് ഇതിനായി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്‌. രജിസ്റ്റർ ചെയ്തവർ അനുവദിക്കപ്പെട്ട കൃത്യ സമയത്ത്‌ ഹാജരായില്ലെങ്കിൽ മറ്റൊരു സമയം അനുവദിക്കും. എന്നാൽ ഇവർക്കെതിരെ ശിക്ഷാ നടപടികൾ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല.

അതിനിടെ കൊവിഡ് വൈറസിന്റെ ജനിതക മാറ്റം കണ്ടെത്തിയതിനെ തുടർന്നുള്ള സംഭവ വികാസങ്ങൾ ആരോഗ്യ മന്ത്രാലായം സൂക്ഷ്മമായി പിന്തുടർന്നു വരികയാണ്. ലോകാരോഗ്യ സംഘടനയിൽ നിന്നും ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുമുള്ള "കൊവിഡ് 20" ന്റെ സൂചകങ്ങളെക്കുറിച്ചുള്ള വിശദമായ റിപോർട്ട് അടുത്ത തിങ്കളാഴ്ച രാജ്യത്ത് എത്തും. അതിനനുസരിച്ച് ആവശ്യമായ സംവിധാനങ്ങളും നടപടികളും സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം കാത്തിരിക്കുകയാണ്.

Similar News