കൊവിഡ്19: കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ സത്വര നടപടി സ്വീകരിക്കണം-ഇന്ത്യന്‍ സോഷ്യല്‍ ഫോറം

സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും വിദേശത്തുള്ളവരുടെ വേദനയേറിയ അനുഭവങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ അടിയന്തിരമായി ഇടപെടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.

Update: 2020-04-07 14:42 GMT

അല്‍ ഖോബാര്‍ : കൊറോണ വൈറസ് അതിവേഗം പടര്‍ന്നു പിടിക്കുന്ന രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്‍മാരേ തിരികെ രാജ്യത്തേക്ക് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം തേജസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത, കൊവിഡ് 19 അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന മോള്‍ഡോവയില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പൗരന്‍മാരേയും ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിയാണ് വേണ്ടത്. യൂറോപ്പിലും അമേരിക്കയിലും വളരെ വേഗത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്. ആ രാജ്യങ്ങളിലെ ഭരണാധികാരികള്‍ പോലും നിസ്സഹായരായി നില്‍ക്കുകയാണ്. വിദേശത്ത് പഠനത്തിനും ജോലിക്കും വേണ്ടി പോയിട്ടുള്ളവര്‍ക്ക് നിലവിലെ ലോക്ഡൗണ്‍ കാരണം തിരിച്ചെത്താന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും വിദേശത്തുള്ളവരുടെ വേദനയേറിയ അനുഭവങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ അടിയന്തിരമായി ഇടപെടാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും സോഷ്യല്‍ ഫോറം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മന്‍സൂര്‍ പൊന്നാനി, സെക്രട്ടറി അഹമ്മദ് കബീര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. 

Tags: