കുവൈത്തില്‍ കടുത്ത തണുപ്പ്

Update: 2026-01-24 11:03 GMT

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസങ്ങളായി കുവൈത്തില്‍ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. രാത്രിയിലും പുലര്‍ച്ചെയും തണുപ്പിന്റെ ശക്തി വര്‍ധിക്കുന്നതായും മരുഭൂമി പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ താപനില ഇടിവ് അനുഭവപ്പെടുന്നതെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായി വീശുന്ന കാറ്റും തണുപ്പിന്റെ കടുപ്പം കൂട്ടുന്നുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ സൗദി അതിര്‍ത്തിക്കും ബൗബിയാന്‍ ദ്വീപിനും സമീപമുള്ള സാല്‍മിയില്‍ താപനില മൂന്നു ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. മറ്റു സമയങ്ങളില്‍ ഇവിടെ എട്ടു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയതായും റിപോര്‍ട്ടുണ്ട്. ഇറാഖ് അതിര്‍ത്തിയോടു ചേര്‍ന്ന അബ്ദലിയിലും വ്യാഴാഴ്ച പുലര്‍ച്ചെ താപനില ഒരു ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നു. സാല്‍മിക്കടുത്ത മണീഷില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസും, അഹമ്മദിയിലും ജുലൈയയിലും രണ്ടു ഡിഗ്രി സെല്‍ഷ്യസും, ഫൈലക്ക ദ്വീപില്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി.

വരും ദിവസങ്ങളില്‍ പരമാവധി താപനില 15 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞത് അഞ്ചു മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച മുതല്‍ താപനില ക്രമേണ ഉയര്‍ന്ന് കാലാവസ്ഥ കൂടുതല്‍ സ്ഥിരതയിലേക്കു നീങ്ങുമെന്നാണ് പ്രവചനം. കുവൈത്ത് സിറ്റിയിലും അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളിലും പരമാവധി താപനില ഏകദേശം 20 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് വിലയിരുത്തല്‍. അതേസമയം, കാറ്റിന്റെ ദിശ തെക്കുകിഴക്കില്‍ നിന്ന് വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് മാറാന്‍ സാധ്യതയുണ്ടെന്നും ചില ഘട്ടങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതു മൂലം ചില പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ രൂപപ്പെടാനും ദൃശ്യപരത കുറയാനും കടല്‍ തിരമാലകള്‍ ഏഴ് അടിയോളം ഉയരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags: