ഡാറ്റ സുരക്ഷ ശക്തിപ്പെടുത്താന്‍ നീക്കം; സാന്‍ഡ്‌ബോക്‌സ് എക്യൂവുമായ് തന്ത്രപ്രധാന കരാര്‍
മനാമ: രാജ്യത്തെ ഡാറ്റ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനായി ബഹ്‌റൈന്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍സിഎസ്‌സി) സമഗ്ര നടപടികള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ആല്‍ഫബെറ്റിന്റെ ഭാഗമായ പ്രമുഖ ടെക് കമ്പനി സാന്‍ഡ്‌ബോക്‌സ് എക്യൂവുമായി ബഹ്‌റൈന്‍ തന്ത്രപ്രധാന കരാറില്‍ ഒപ്പുവച്ചതായി അധികൃതര്‍ അറിയിച്ചു. ക്വാണ്ടം കമ്പ്യൂട്ടറുകള്‍ നിലവിലുള്ള സുരക്ഷാ എന്‍ക്രിപ്ഷന്‍ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ പ്രാപ്തിയാകുന്ന 'ക്യൂഡേ' 2029ഓടെ സംഭവിക്കാമെന്ന വിദഗ്ധ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. സൈബര്‍ ആക്രമണങ്ങള്‍ മുന്‍കൂട്ടി കണക്കിലെടുത്ത് സര്‍ക്കാര്‍ രേഖകള്‍, പ്രതിരോധ ഡാറ്റ, നയതന്ത്ര സന്ദേശങ്ങള്‍ എന്നിവയ്ക്ക് ക്വാണ്ടംപ്രൂഫ് സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
എഐ അധിഷ്ഠിതമായ പുതിയ സംവിധാനത്തിലൂടെ ദുര്‍ബലമായ എന്‍ക്രിപ്ഷന്‍ രീതികള്‍ കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്യും. രാജ്യത്തിന്റെ ഡിജിറ്റല്‍ ആസ്തികളുടെ സംരക്ഷണത്തിനും ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതിനും ഇത്തരം സാങ്കേതിക നവീകരണം അനിവാര്യമാണെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ സിഇഒ ഷെയ്ഖ് സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ വ്യക്തമാക്കി.
ഡിജിറ്റല്‍ സുരക്ഷയില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുള്ള മുന്‍കരുതല്‍ നടപടികളിലൂടെ ബഹ്‌റൈന്റെ സൈബര്‍ പ്രതിരോധ ശേഷി കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു.
