അട്ടപ്പാടി വ്യാജ ഏറ്റുമുട്ടല്‍ കൊല: പിണറായി ആഭ്യന്തരം ഒഴിയണമെന്ന് സോഷ്യല്‍ ഫോറം

സംഭവം പോലിസിന്റെ നാടകമാണെന്ന് ഭരണകക്ഷിയിലുള്ള സിപിഐ അടക്കമുള്ള രാഷ്ട്രിയ മനുഷ്യാവകാശ സംഘടനകളും പ്രദേശത്തെ ജനങ്ങളും ഉറപ്പിച്ച് പറയുമ്പോഴും പിണറായി പോലിസ് നടപടിയെ ന്യായീകരിക്കുന്നത് സംശയാസ്പദമാണ്.

Update: 2019-11-02 13:51 GMT

ദമ്മാം: അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ പോലിസ് ഭീകരതയുടെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

സംഭവം പോലിസിന്റെ നാടകമാണെന്ന് ഭരണകക്ഷിയിലുള്ള സിപിഐ അടക്കമുള്ള രാഷ്ട്രിയ മനുഷ്യാവകാശ സംഘടനകളും പ്രദേശത്തെ ജനങ്ങളും ഉറപ്പിച്ച് പറയുമ്പോഴും പിണറായി പോലിസ് നടപടിയെ ന്യായീകരിക്കുന്നത് സംശയാസ്പദമാണ്.

ഡിജിപി ലോകനാഥ് ബഹ്‌റയുടെയും പോലിസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയുടെയും വാക്കുകള്‍ വിശ്വസിച്ച് ആഭ്യന്തര ഭരണം കൈയ്യാളുന്ന പിണറായി വിജയന്‍ സിപിഎം എന്ന പാര്‍ട്ടിയുടെ തന്നെ ശവക്കുഴിയാണ് തോണ്ടുന്നത്. പിണറായിയെ തിരുത്താനും നിയന്ത്രിക്കാനും സിപിഎമ്മും എല്‍ഡിഎഫും തയ്യാറായില്ലെങ്കില്‍ പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തിലും ജനങ്ങള്‍ സിപിഎമ്മിനെ വേട്ടയാടുന്ന കാലം വിദൂരമല്ല. വിഷയത്തില്‍ സിപിഐ സ്വീകരിച്ച നിലപാടിനെ അഭിനന്ദിക്കുന്നു. പോലിസ് ഭീഷണി മറികടന്ന് സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയത് ധീരമായ നടപടിയാണ്.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ മാവോയിസ്റ്റുകള്‍ക്കെതിരെ കേരളത്തില്‍ ഒറ്റക്കേസുപോലും ഇല്ലെന്നിരിക്കെ സ്ത്രീ ഉള്‍പ്പടെ 4പേരെയാണ് പോലിസ് ക്ലോസ് റേഞ്ചില്‍ വെടിവെച്ച് കൊന്നത്. അതില്‍ മണി വാസകത്തെ കസ്റ്റഡിയില്‍ എടുത്ത് ഒരു ദിവസം മുഴുവനും പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത് എന്നുള്ള വാര്‍ത്തകളും പുറത്ത് വരുന്നു. മാവോയിസ്റ്റായി മുദ്രകുത്തി കോഴിക്കോട് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ പോലിസ് നടപടി അപലപനീയമാണ്. മഞ്ചക്കണ്ടി വ്യാജ ഏറ്റുമുട്ടല്‍ സംബന്ധിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തുകയും കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു. പ്രസിഡന്റ് നാസര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. റഹിം വടകര, അന്‍സാര്‍ കോട്ടയം, ഫാറൂഖ് വവ്വാക്കാവ് സംസാരിച്ചു.




Tags:    

Similar News