വിമാന കമ്പനികള്‍ യാത്രാ നിരക്ക് കുറക്കണം: ആലപ്പുഴ പ്രവാസി അസോസിയേഷന്‍

Update: 2020-09-23 14:41 GMT
മനാമ: വിസ കാലാവധിക്ക് മുന്‍പ് ബഹറിനില്‍ എത്തിച്ചേരുവാനായി പ്രയാസപ്പെടുന്ന പ്രവാസികളുടെ യാത്ര മുടക്കുന്ന രീതിയില്‍ അമിതമായ യാത്ര നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികളുടെ നടപടി അടിയന്തിരമായി തിരുത്തണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷന്‍, ബഹ്‌റൈന്‍(എപിഎബി) ആവശ്യപ്പെട്ടു.

വന്ദേഭാരത് ഫ്‌ലൈറ്റുകള്‍ ഈടാക്കുന്ന തുകയില്‍ കൂടുതല്‍ യാത്രാ നിരക്ക് കൂട്ടുവാനുള്ള യാതൊരു സാഹചര്യവും ഇല്ലാത്ത സ്ഥിതിയില്‍ അമിതമായ തുക ഈടാക്കുന്നത് ഒരു കാരണവശാലും നീതീകരിക്കാവുന്നതല്ല. കൊവിഡ് 19 വ്യാപന നിയന്ത്രണം മൂലം തിരികെ വരാന്‍ കഴിയാതിരുന്നവര്‍ സാമ്പത്തികമായി ബുദ്ധിമുട്ടു മൂലം പ്രയാസപ്പെടുമ്പോള്‍ വിമാനക്കമ്പനികള്‍ നടത്തുന്ന കൊള്ള അവസാനിപ്പിക്കുവാന്‍ ഉന്നത തലത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാകണം. ടിക്കറ്റ് ചാര്‍ജിനു പുറമെ 2 കൊവിഡ് ടെസ്റ്റുകള്‍ക്കുള്ള പണവും പ്രവാസികള്‍ കണ്ടെത്തേണ്ടതും പ്രവാസികളെ സംബന്ധിച്ച് തങ്ങാവുന്നതിലും അപ്പുറമാണ് ഈ സാഹചര്യം മനസ്സിലാക്കി ബഹ്‌റൈനിലുള്ള മുഴുവന്‍ പ്രവാസി സംഘടനകളും ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ബംഗ്ലാവില്‍ ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫെര്‍ണസ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സജി കലവൂര്‍,ഹാരിസ് വണ്ടാനം, ജോര്‍ജ് അമ്പലപ്പുഴ, വിജയലക്ഷ്മി രവി, ശ്രീജിത്ത് ആലപ്പുഴ, അനീഷ് മാളികമുക്ക്, സീന അന്‍വര്‍, അനില്‍ കായംകുളം, സുള്‍ഫിക്കര്‍ ആലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. ആലപ്പുഴ പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ വെബ്‌സൈറ്റ് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് പ്രവര്‍ത്തനം ആരംഭിക്കുവാനും തീരുമാനമെടുത്തു .

Tags: