ബ്രുവറികള്‍ അനുവദിച്ചത് ഇടത് സര്‍ക്കാര്‍ നയം അനുസരിച്ചു തന്നെയെന്ന്് മുഖ്യമന്ത്രി

Update: 2018-10-03 08:15 GMT


തിരുവനന്തപുരം: കേരളത്തില്‍ പുതുതായി ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നത്തിനെതിരായാണ് പുതിയ ബ്രുവറികള്‍ അനുവദിച്ചതതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറക്കാന്‍ സഹായകമായ നടപടിയായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക എന്നതാണ് ഇടുതപക്ഷം നയം. അതിനനുസരിച്ച് തന്നെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

ഇപ്പോള്‍ മൂന്ന് ബ്രൂവറിക്കും രണ്ട് ബ്ലെന്റിങ്, കോമ്പൗണ്ടിങ് ആന്റ് ബോട്ടിലിങ് യൂനിറ്റുകള്‍ക്കുമാണ് തത്വത്തില്‍ അനുമതി നല്‍കിയത്. പൊതുസംവിധാനത്തിനകത്തുള്ള രണ്ട് യൂനിറ്റുകള്‍ക്ക് ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള അനുമതിയുമാണ് നല്‍കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്ന് ഒരു വിതരണവും നടക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ മദ്യമൊഴുക്കുക എന്ന പ്രശ്‌നം ഇതിനകത്ത് ഉത്ഭവിക്കുന്നേയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ നിലയനുസരിച്ച് മദ്യത്തിന്റെ 8 ശതമാനവും ബിയറിന്റെ 40 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് കോര്‍പ്പറേഷന് ലഭ്യമാകുന്നത്. പുതുതായി ഇവിടെ ഉല്‍പ്പാദനം ആരംഭിക്കുമ്പോള്‍ പുറത്തുനിന്ന് വരുന്ന 8 ശതമാനത്തിന്റെ സ്ഥാനത്ത് അതിന് കുറവ് വരികയും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത് അതിന് പകരം സ്ഥാനം പിടിക്കുകയും ചെയ്യും.

എല്‍ഡിഎഫ് സര്‍ക്കാര്‍ പത്രപരസ്യം നല്‍കാതെയും പൊതുവായ അറിയിപ്പ് നല്‍കാതെയും ബ്രൂവറിയും കോമ്പൗണ്ടിങ്, ബ്ലെന്റിങ്, ബോട്ടിലിങ് യൂനിറ്റും അനുവദിച്ചുവെന്ന ആരോപണമാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് പറയുന്നത്.

ഇത്തരം യൂനിറ്റുകള്‍ അനുവദിക്കുന്നതില്‍ നാളിതുവരെ എവിടെയും പത്രപരസ്യം നല്‍കുന്ന രീതി പൊതുവിലില്ല. പ്രത്യേക അപേക്ഷയും ക്ഷണിക്കാറില്ല. പകരം അതാത് കാലഘട്ടങ്ങളില്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ തങ്ങളുടെ മുമ്പില്‍ വരുന്ന അപേക്ഷകള്‍ പരിശോധിച്ച് അവയ്ക്ക് അനുമതിയും തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് ശേഷം ലൈസന്‍സ് നല്‍കുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചുപോരുന്നത്.

1999ല്‍ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ അന്നത്തെ അപേക്ഷകള്‍ പരിഗണിച്ചു കൊണ്ടുള്ളതായിരുന്നുവെന്നും പുതുതായി ബ്രുവറികള്‍ അനുവദിക്കേണ്ടതില്ലെന്ന് പറയുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Tags:    

Similar News