പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു; പ്രതിഷേധവുമായി ഗോത്ര സമൂഹം

Update: 2018-10-31 05:59 GMT


ദില്ലി: ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന് ഖ്യാതി നേടാനൊരുങ്ങുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 182 അടിയാണ് പ്രതിമയുടെ ഉയരം. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന പട്ടേലിന്റെ 143ാം ജന്മദിനമാണ് ഇന്ന്.

177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിങ് ടെംപിള്‍ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് പട്ടേല്‍ പ്രതിമ ഉയരത്തില്‍ ഒന്നാമതെത്തിയിരിക്കുന്നത്. 2389 കോടിയാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന പ്രതിമാ നിര്‍മ്മാണത്തിന് ചെലവ്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഇന്ന് രാവിലെ 'യൂണിറ്റി മാരത്തോണ്‍' എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി വിപുലമായ പരിപാടികളാണ് പ്രതിമയുടെ അനാച്ഛാദനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചത്.

നൂറുകണക്കിന് ഗോത്രവര്‍ഗക്കാരുടെ സ്ഥലം നിര്‍ബന്ധപൂര്‍വ്വം ഏറ്റെടുത്താണ് പ്രതിമയും അനുബന്ധ നിര്‍മാണങ്ങളും പൂര്‍ത്തിയാക്കിയത്. പ്രതിമ അനാച്ഛാദനത്തിനെതിരെ അഹമ്മദാബാദിലെ ഗോത്രസമൂഹങ്ങളും കര്‍ഷകരും വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിമ സ്ഥിതി ചെയ്യുന്ന നര്‍മ്മദ ജില്ലയിലെ കെവാദിയ ഗ്രാമത്തിന് സമീപമുള്ള ഗോത്രവര്‍ഗക്കാരാണ് പ്രതിഷേധിക്കുന്നത്. പ്രതിമ നിര്‍മ്മിക്കാനും തൊട്ടടുത്ത പ്രദേശങ്ങളിലെ ടൂറിസം വികസനത്തിനുമായി സര്‍ക്കാര്‍ തങ്ങളുടെ സ്ഥലം കൈയേറിയതായി ഇവര്‍ പറയുന്നു. ഗാത്രസമൂഹത്തിന്റെ സ്ഥലത്ത് പ്രതിമ നിര്‍മിച്ചതല്ലാതെ ഇവര്‍ക്ക് പുനരധിവാസ സൗകര്യങ്ങളോ ജോലിയോ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. അതിനെ തുടര്‍ന്നാണ് പ്രതിഷേധം.

ഒക്ടോബര്‍ 31 മരണവീടായി ആചരിക്കാനാണ് ഇവരുടെ തീരുമാനം. ഭക്ഷണം പാകം ചെയ്യാതെ ദുഖം ആചരിച്ച് പ്രതിഷേധിക്കുമെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു.
Tags:    

Similar News