മലയാളികള്‍ ഉള്‍പ്പെടെ 1500ഓളം തീര്‍ഥാടകര്‍ നേപ്പാളില്‍ കുടുങ്ങി

Update: 2018-07-03 06:20 GMT

ന്യൂഡല്‍ഹി:  കൈലാസ്-മാസരോവറിലേക്കു പോവുകയായിരുന്ന 1500ലേറെ ഇന്ത്യന്‍ തീര്‍ഥാടകര്‍ കനത്ത മഴയെ തുടര്‍ന്ന് നേപ്പാളില്‍ കുടുങ്ങി. തീര്‍ഥാടകരില്‍ നൂറിലേറെ മലയാളികളുണ്ട്. തലസ്ഥാനത്ത് നിന്ന് 423 കിലോമീറ്റര്‍ അകലെയുള്ള സിമികോട്ട് റൂട്ടിലാണ്് മോശം കാലാവസ്ഥ കാരണം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നത്. ഇവിടെയുള്ള സ്ഥിതിഗതികള്‍ ഇന്ത്യന്‍ എംബസി നിരീക്ഷിച്ച് വരികയാണ്. ഇന്ത്യക്കാരില്‍ 290 പേര്‍ കര്‍ണാടകക്കാരാണ്.

525 പേര്‍ സിമികോട്ടിലും 550 പേര്‍ ഹില്‍സയിലും 500ലേറെ പേര്‍ തിബത്ത് ഭാഗത്തുമാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിന് നേപ്പാള്‍ സര്‍ക്കാരിനോട് സൈനിക ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. 500ഓളം പേരെ ഒരു മുറിയില്‍ കുത്തിനിറച്ചിരിക്കുകയാണെന്ന് മലയാളി തീര്‍ഥാടകരില്‍ ചിലര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങളുടെ സംസ്ഥാനത്തു നിന്നുള്ള എല്ലാ തീര്‍ഥാടകരും സുരക്ഷിതരാണെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. സിംകോട്ടില്‍ കുടങ്ങിക്കിടക്കുന്ന സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ആവശ്യപ്പെട്ടു.

നേപ്പാള്‍ ഭാഗത്ത് ചികില്‍സാ സൗകര്യങ്ങളും മറ്റും അപര്യാപ്തമായതിനാല്‍ കുടുങ്ങിക്കിടക്കുന്നവരില്‍ പരമാവധി പേരെ തിബത്ത് ഭാഗത്തേക്കെത്തിക്കാന്‍ ഇന്ത്യന്‍ എംബസി ടൂര്‍ ഓപറേറ്റര്‍മാരോട് ആവശ്യപ്പെട്ടു. സിംകോട്ടില്‍ കുടുങ്ങിക്കിടക്കുന്ന പ്രായമുള്ളവര്‍ക്ക് ഇന്ത്യന്‍ എംബസി പ്രാഥമിക ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഹിന്ദുക്കള്‍ക്കും ജൈനന്മാര്‍ക്കും ബുദ്ധമതക്കാര്‍ക്കും മതപരമായി പ്രാധാന്യമുള്ള കൈലാസ്-മാനസരോവറിലേക്ക് ഓരോ വര്‍ഷവും ആയിരക്കണക്കിന് ഇന്ത്യന്‍ തീര്‍ഥാടകരാണ് എത്താറുള്ളത്.
Tags:    

Similar News