അക്രമത്തിന് പ്രേരണയുണ്ടാവുമെന്ന് ആശങ്ക; ട്രംപിന്റെ യൂ ട്യൂബ് ചാനല്‍ മരവിപ്പിച്ചു

ചൊവ്വാഴ്ച ട്രംപിന്റെ ചാനലില്‍ പുതുതായി അപ്‌ലോഡ് ചെയ്ത വീഡിയോയുടെ ഉള്ളടക്കം അക്രമത്തിന് പ്രേരിപ്പിക്കുന്നതായതിനാല്‍ യൂ ട്യൂബ് നീക്കിയിട്ടുണ്ട്. തുടര്‍ന്നാണ് യൂ ട്യൂബിന്റെ നയം ലംഘിച്ചതിന് ആദ്യ നടപടിയെന്ന നിലയില്‍ ഒരാഴ്ചത്തേയ്ക്ക് ചാനല്‍ മരവിപ്പിച്ചത്.

Update: 2021-01-14 03:05 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യൂ ട്യൂബ് ചാനല്‍ മരവിപ്പിച്ചു. തല്‍ക്കാലം ഒരാഴ്ചത്തേക്കാണ് യൂ ട്യൂബ് അധികൃതരുടെ നടപടി. ഈ സമയത്ത് ട്രംപ് പുതിയ വീഡിയോകള്‍ യൂ ട്യൂബില്‍ കയറ്റുന്നതും തടഞ്ഞിട്ടുണ്ട്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നതിനുമുമ്പ് വ്യാപക അക്രമത്തിന് ട്രംപ് അനുകൂലികള്‍ ശ്രമിച്ചേക്കുമെന്നും ചാനല്‍ ഇതിന് പ്രേരണയുണ്ടാക്കുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് യൂ ട്യൂബിന്റെ നീക്കം. ചൊവ്വാഴ്ച ട്രംപിന്റെ ചാനലില്‍ പുതുതായി അപ്‌ലോഡ് ചെയ്ത വീഡിയോയുടെ ഉള്ളടക്കം അക്രമത്തിന് പ്രേരിപ്പിക്കുന്നതായതിനാല്‍ യൂ ട്യൂബ് നീക്കിയിട്ടുണ്ട്.

തുടര്‍ന്നാണ് യൂ ട്യൂബിന്റെ നയം ലംഘിച്ചതിന് ആദ്യ നടപടിയെന്ന നിലയില്‍ ഒരാഴ്ചത്തേയ്ക്ക് ചാനല്‍ മരവിപ്പിച്ചത്. ചാനല്‍ മരവിപ്പിച്ച കാര്യം യൂ ട്യൂബ് ട്വിറ്ററിലൂടെയാണ് ഔദ്യോഗികമായി അറിയിച്ചത്. അക്രമത്തിന് പ്രേരിപ്പിക്കുന്നതിനുള്ള നയങ്ങള്‍ ലംഘിച്ചതിന് ജനുവരി 12നാണ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്ത ഉള്ളടക്കം എടുത്തുമാറ്റിയതെന്ന് യൂ ട്യൂബ് വക്താവ് സ്ഥിരീകരിച്ചു. സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിലും ട്രംപിന്റെ മുമ്പത്തെ പരാമര്‍ശങ്ങും കണക്കിലെടുത്ത് അക്രമസാധ്യത കൂടുതലാണെന്ന് യൂ ട്യൂബ് വിശദീകരിക്കുന്നു.

അതേസമയം, നീക്കംചെയ്യലിന് കാരണമായ വീഡിയോയുടെ നിര്‍ദിഷ്ട ഉള്ളടക്കമെന്തെന്ന് പുറത്തുവിട്ടിട്ടില്ല. യൂ ട്യൂബ് നയം അനുസരിച്ച് അടുത്ത നടപടി രണ്ടാഴ്ചത്തേയ്ക്ക് മരവിപ്പിക്കലാണ്. വീണ്ടും നിയമലംഘനം തുടര്‍ന്നാല്‍ അക്കൗണ്ട് എക്കാലത്തേക്കും നിരോധിക്കുന്നതാണ് അടുത്ത നടപടി. 90 ദിവസത്തിനുള്ളില്‍ മൂന്നുതവണ നടപടിയ്ക്ക് വിധേയമായാലാണ് ചാനല്‍ അനിശ്ചിതകാലത്തേയ്ക്ക് മരവിപ്പിക്കുക. ട്രംപിന്റെ യൂ ട്യൂബ് ചാനലിന് ഏകദേശം 2.78 മില്യന്‍ സബ്‌സ്‌ക്രൈബര്‍മാരാണുള്ളത്.

ജനുവരി ആറിന് ട്രംപിന്റെ പിന്തുണയോടെ അനുയായികള്‍ യുഎസ് കോണ്‍ഗ്രസ് മന്ദിരമായ കാപ്പിറ്റോളില്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് മിക്ക ടെക് കമ്പനികളും ട്രംപിനെതിരേ നടപടിയെടുത്തിട്ടുണ്ട്. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ട്രംപ് അധികാരം ഒഴിയുന്നതുവരെയെങ്കിലും അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. റെഡ്ഡിറ്റ്, സനാപ്ചാറ്റ് തുടങ്ങിയ മറ്റ് ചാനലുകളും ട്രംപിനെ നിരോധിച്ചിരിക്കുകയാണ്. ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയവ ട്രംപ് അനുകൂലികളുടെ ഇടയില്‍ വലിയ ജനപ്രീതിയുള്ള സാമൂഹ്യമാധ്യമ വേദിയായ പാര്‍ലര്‍ തങ്ങളുടെ ആപ്പ് സ്റ്റോറുകളില്‍ വിലക്കാന്‍ നീക്കമാരംഭിച്ചു. ആമസോണ്‍ വേദി നിഷേധിച്ചതോടെ ഈയാഴ്ച പാര്‍ലര്‍ ഇന്റര്‍നെറ്റില്‍ കിട്ടാതായിരുന്നു.

Tags:    

Similar News