ലോകത്ത് കൊവിഡ് ബാധിതർ 20.47 കോടി, രോഗമുക്തി നേടിയത് 18.39 കോടി പേർ
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി നാൽപ്പത്തിയേഴ് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം പതിനെട്ട് കോടി മുപ്പത്തിയൊമ്പത് ലക്ഷം പേർ രോഗമുക്തി നേടിയപ്പോൾ നാൽപ്പത്തിമൂന്ന് ലക്ഷത്തിലധികം ആളുകൾക്ക് വൈറസ് കാരണം ജീവൻ നഷ്‌ടമായി.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടി എൺപത്തിയൊമ്പത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.34 ലക്ഷം ആളുകൾക്ക് ജീവൻ നഷ്‌ടമായി.
ഇന്ത്യയിൽ ഇതുവരെ മൂന്നുകോടി ഇരുപത് ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. 3.12 കോടി പേർ രോഗമുക്തി നേടി. 4.29 ലക്ഷം പേർക്ക് ജീവൻ നഷ്‌ടമായി. നിലവിൽ 3.93 ലക്ഷം പേരാണ് ചികിൽസയിലുള്ളത്. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ രണ്ട് കോടിയിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. 5.64 ലക്ഷം പേർ മരിച്ചു. ഒരു കോടി തൊണ്ണൂറ് ലക്ഷം പേർ രോഗമുക്തി നേടി.