പീഡനത്തിനിടെ നാവ് കടിച്ചെടുത്ത യുവതിക്ക് കൂടുതല്‍ ശിക്ഷ; പീഡകന് ചെറുത്, 61 വര്‍ഷത്തിനു ശേഷം 'തെറ്റ്' തിരുത്തി കോടതി
സോള്‍: ലൈംഗികാതിക്രമത്തിനിടെ രക്ഷപ്പെടാനായി അക്രമിയുടെ നാവ് കടിച്ചുമുറിച്ച സ്ത്രീയെ കുറ്റവിമുക്തയാക്കി കോടതി. 61 വര്‍ഷങ്ങള്‍ക്കു ശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ചോയ് മാല്‍-ജ എന്ന സ്ത്രീയെ കോടതി വിട്ടയച്ചത്. അധികാര ദുരുപയോഗത്തിന്റെ ഉദാഹരണമാണ് തനിക്ക് ലഭിച്ച ശിക്ഷയെന്ന് ചോയ് മാല്‍-ജ പ്രതികരിച്ചു. 18 വയസ്സുള്ളപ്പോഴാണ് ചോയ് ദക്ഷിണകൊറിയയിലെ തെക്കന്‍ പട്ടണമായ ഗിംഹെയില്‍ ശാരീരിക ഉപദ്രവത്തിന് ഇരയായത്.
ഉപദ്രവിക്കുന്നതിനിടെ രക്ഷപ്പെടാനായി യുവതി അക്രമിയുടെ നാവ് കടിച്ചുമുറിക്കുകയായിരുന്നു. തുടര്‍ന്ന് 21 വയസ്സുള്ള അക്രമിയുടെ നാവിന്റെ 1.5 സെന്റീമീറ്റര്‍ (0.59 ഇഞ്ച്) നഷ്ടമായി. ഇതേതുടര്‍ന്ന് നാവ് മുറിഞ്ഞ അക്രമി പരാതിപ്പെട്ടു. തുടര്‍ന്ന് ചോയിയെ കോടതി പത്ത് മാസം ശിക്ഷിച്ചു. അതേസമയം പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിക്ക് ആറ് മാസത്തെ കുറഞ്ഞ ശിക്ഷയാണ് വിധിച്ചത്. എന്നാല്‍ ഈ അനീതിക്കെതിരെ പോരാടാനാണ് ചോയ് തീരുമാനിച്ചത്.
''എനിക്ക് നീതി ലഭിക്കാതെ ഈ കേസ് വിടാന്‍ എനിക്ക് കഴിയില്ലായിരുന്നു. എന്റെ അതേ വിധിയുള്ള മറ്റ് ഇരകള്‍ക്കു വേണ്ടി നിലകൊള്ളാന്‍ ഞാന്‍ ആഗ്രഹിച്ചു. ഒരു ഇരയില്‍നിന്ന് എന്നെ ഒരു കുറ്റക്കാരിയാക്കി മാറ്റാന്‍ അധികാരികള്‍ക്ക് സാധിച്ചു. എന്റെ ചുറ്റുമുള്ളവര്‍ എന്റെ ഈ ശ്രമം പാഴായിപ്പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും പക്ഷേ എനിക്ക് ഈ കേസ് വിടാന്‍ കഴിഞ്ഞില്ല. അധികാരം ദുരുപയോഗം ചെയ്തതിന്റെ ഉത്തമ ഉദാഹരണമാണ് എനിക്ക് ലഭിച്ച ശിക്ഷ. എന്നെ പിന്തുണച്ചവര്‍ക്ക് നന്ദി''- ചോയി പറഞ്ഞു. ലൈംഗിക അതിക്രമങ്ങള്‍ക്കിടെ സ്വയം പ്രതിരോധം അംഗീകരിക്കുന്നതില്‍ കോടതി പരാജയപ്പെട്ടതിന്റെ ഉദാഹരണമായി ദക്ഷിണ കൊറിയയിലെ നിയമ പാഠപുസ്തകങ്ങളിലും ഈ കേസ് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
