തടിച്ചിയെന്ന് വിളിച്ച ആണ്‍കുട്ടിയെ വിമാനത്തിനുള്ളിലിട്ട് തല്ലിച്ചതച്ച് യുവതി

Update: 2025-05-29 12:12 GMT

ഫ്‌ളോറിഡ: വിമാനയാത്രയ്ക്കിടെ തന്നെ കളിയാക്കിയ ആണ്‍കുട്ടിയെ പൊതിരെ തല്ലിയ യുവതി അറസ്റ്റില്‍. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം. ക്രിസ്റ്റി ക്രാംപ്ടന്‍ (47) ആണ് അറസ്റ്റിലായത്. ഒര്‍ലാന്‍ഡോ സാന്‍ഫഡ് ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട വിമാനത്തിനുള്ളിലായിരുന്നു മെറിലാന്‍ഡ് സ്വദേശിയായ ക്രിസ്റ്റിന്‍ യാത്ര ചെയ്തിരുന്നത്.

തൊട്ടടുത്ത സീറ്റിലിരുന്ന ആണ്‍കുട്ടി ക്രിസ്റ്റിയെ തടിച്ചിയെന്നും 'മിസ് പിഗ്ഗി' യെന്നും വിളിച്ചു. വിളി ആവര്‍ത്തിച്ചതോടെ ക്രിസ്റ്റിന് ദേഷ്യം വന്നു. സീറ്റില്‍ നിന്നെഴുന്നേറ്റ് കുട്ടിയുടെ അടുത്തേക്ക്‌ചെന്ന ക്രിസ്റ്റിന്‍ കുട്ടിയെ പൊതിരെ തല്ലി. കലിയടങ്ങാതിരുന്നതോടെ കുട്ടിയുടെ തല വിമാനത്തിന്റെ ജനാലയിലേക്ക് ചേര്‍ത്ത് വച്ച് ഞെരിക്കുകയും പിന്നാലെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ക്രിസ്റ്റിന്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നും മോശമായി പെരുമാറിയെന്നും സഹയാത്രികരില്‍ ഒരാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുട്ടിയെ തിരുത്താന്‍ ക്രിസ്റ്റിന്‍ തയ്യാറായില്ലെന്നും മൊഴിയില്‍ പറയുന്നു. ഡിസ്‌നിലാന്‍ഡ് കണ്ട് മടങ്ങി വരികയായിരുന്നു മര്‍ദനമേറ്റ കുട്ടി.

അതേസമയം, യാത്രയിലുടനീളം കുട്ടി തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നും ഫോണ്‍ വാങ്ങിയതോടെ കൈ തട്ടി മാറ്റിയെന്നും പ്രകോപിപ്പിച്ചുവെന്നും ക്രിസ്റ്റിന് പറയുന്നു. ക്രിസ്റ്റിനെതിരെ കുട്ടികളോട് മോശമായി പെരുമാറിയതിന് കേസ് റജിസ്റ്റര്‍ ചെയ്ത പോലിസ് സെമിനോള്‍ ജയിലിലേക്ക് അയച്ചിരുന്നു. 10,000 ഡോളറിന്റെ ആള്‍ ജാമ്യത്തില്‍ ക്രിസ്റ്റിനെ പിന്നീട് വിട്ടയച്ചു.