ഫിഫ ലോകകപ്പ് കാണാന്‍ ഇന്ത്യയിലെ ആരാധകര്‍ക്ക് കഴിയുമോ; ആശങ്ക അവസാനിച്ചില്ല
ന്യൂഡല്‍ഹി: ലോകകപ്പിന് ഇനി രണ്ട് മാസം ശേഷിക്കെ ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലോകകപ്പ് കാണാന്‍ സാധിക്കുമോ? ഈ വലിയ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഫിഫയ്‌ക്കോ അല്ലെങ്കില്‍ ഇന്ത്യയിലെ ബ്രോഡ്കാസ്റ്റിങ് കമ്പനികള്‍ക്കൊ ഇതുവരെ സാധിച്ചിട്ടില്ല. സാക്ഷാല്‍ ലയണല്‍ മെസിയുടേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയുമൊക്കെ ലാസ്റ്റ് ഡാന്‍സ്, അവരുടെ മാന്ത്രികത കാണാന്‍ കൊതിച്ചിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. എന്നാല്‍, ഇന്ത്യയില്‍ ബ്രോഡ്കാസ്റ്റിങ് റൈറ്റ്സിന്റെ അഥവാ സംപ്രേഷണ അവകാശത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലെ 16 നഗരങ്ങളിലായി നടക്കുന്ന ലോകകപ്പിന് ജൂണ്‍ 12നാണ് തുടക്കം. ആദ്യ മല്‍സരം ആതിഥേയരായ മെക്‌സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മില്‍. കഴിഞ്ഞ മാസമാണ് ഏഷ്യന്‍ മാര്‍ക്കറ്റിലെ ബ്രോഡ്കാസ്റ്റിങ് റൈറ്റ്‌സ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഫിഫ പുറത്തുവിട്ടത്. ജപ്പാന്‍, ഇന്തോനേഷ്യ, സിംഗപൂര്‍, ഹോങ് കോങ് തുടങ്ങിയ രാജ്യങ്ങളെല്ലാം പട്ടികയിലുണ്ടായിരുന്നു. പുതുക്കിയ പട്ടികയെടുക്കുമ്പോള്‍ ജനസംഖ്യയിലും ഫുട്‌ബോള്‍ ആവേശത്തിലും മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയുണ്ടായിരുന്നില്ല.
ഫിഫ പുറത്തുവിട്ട കണക്കുകള്‍പ്രകാരം ഖത്തര്‍ ലോകകപ്പിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായിരുന്നു ഇന്ത്യ. ചൈനയായിരുന്നു ഒന്നാമത്. ഇന്ത്യയിലെ ആകെ മീഡിയ എന്‍ഗേജ്‌മെന്റ് 745 മില്യണായിരുന്നു. ടെലിവിഷനിലൂടെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ഉണ്ടായ വ്യൂവര്‍ഷിപ്പ് 167 മില്യണും. ലോകകപ്പ് കാണാന്‍ കൂടുതല്‍പേര്‍ ആശ്രയിച്ചത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ ആയിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറി 100 മില്യണ്‍ യുഎസ് ഡോളറായിരുന്നു റൈറ്റ്‌സിനായി ഫിഫ കണക്കാക്കിയിരുന്നതും. 2026 ലോകകപ്പ് മാത്രമല്ല, 2030 എഡിഷന്‍കൂടി ഉള്‍പ്പെടുത്തിയായിരുന്നു നീക്കം. പക്ഷേ, കമ്പനികളെ ആകര്‍ഷിക്കാന്‍ കഴിയാതെ പോയി ഫിഫയ്ക്ക്. ശേഷം, 100 മില്യണില്‍ നിന്ന് 65 മില്യണിലേക്കും ഒടുവില്‍ 35 മില്യണിലേക്കും വരെ എത്തിക്കാന്‍ ഫിഫ തയ്യാറായി, ഏകദേശം 324 കോടി രൂപ.
ഖത്തര്‍ ലോകകപ്പിന്റെ റൈറ്റ്‌സ് വൈക്കോം18 സ്വന്തമാക്കിയത് 62 മില്യണിനായിരുന്നു, 574 കോടി രൂപയോളം. വൈക്കോമും സ്റ്റാറും മേര്‍ജ് ആയി ജിയോ ഹോട്ട്സ്റ്റാര്‍ ആയതോടെ ബിഡ് ചെയ്യാന്‍ കഴിയുന്ന ശക്തികളുടെ എണ്ണവും ചുരുങ്ങി. പക്ഷേ, ഇതല്ല പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്. ലോകകപ്പ് മത്സരങ്ങളുടെ സമയക്രമമാണ്.
ലോകകപ്പ് പോരാട്ടങ്ങളുടെ സമയക്രമം എടുക്കാം. രാത്രി ഒന്‍പതരയ്ക്കും പത്തരയ്ക്കും നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങളുടെ എണ്ണം കേവലം 13 മാത്രമാണ്. നോക്കൗട്ട് ഘട്ടം ഉള്‍പ്പെടെയുള്ള 104 മത്സരങ്ങളിലെയാണ് മേല്‍പ്പറഞ്ഞ എണ്ണം. മറ്റ് മത്സരങ്ങളെല്ലാം അര്‍ദ്ധ രാത്രിയിലും പുലര്‍ച്ചയിലുമായാണ് നടക്കുന്നതും. സമയക്രമം പ്രതികൂലമായതുകൊണ്ട് തന്നെ എത്രത്തോളം ലൈവ് ഓഡിയന്‍സിനെ ജനറേറ്റ് ചെയ്യാന്‍ കഴിയുമെന്നത് ആശങ്കയായിരിക്കും ബ്രോഡ്കാസ്റ്റര്‍മാരെ സംബന്ധിച്ചുള്ളത്.

