ഞങ്ങള്‍ അവരുടെ ഹൃദയത്തില്‍ തന്നെ കുത്തും, ഗള്‍ഫ് രാജ്യങ്ങളുമായി യുദ്ധത്തിനില്ല: ഖാംനഈയുടെ വലംകൈ ആയ അലി ലാരിജാനിയുടെ മുന്നറിയിപ്പ്
തെഹ്റാന്‍: പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വധത്തിന് പിന്നാലെ, അമേരിക്കയ്‌ക്കെതിരെ അതിരൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പുമായി ഇറാന്റെ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി. അമേരിക്കക്കാര്‍ ഇറാനിയന്‍ ജനതയുടെ ഹൃദയത്തിലാണ് കുത്തിയത്, പകരം ഞങ്ങള്‍ അവരുടെ ഹൃദയത്തില്‍ തന്നെ കുത്തും എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഖമേനിയുടെ വലം കൈയും ഇറാന്റെ നിര്‍ണായക നയതന്ത്രജ്ഞനുമായ ലാരിജാനിയുടെ ഈ പ്രസ്താവന മേഖലയില്‍ ഭീതി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെയുള്ള സൈനിക നടപടി ഇതിലും ശക്തമായി തുടരും. അടിച്ച് ഓടിപ്പോകാന്‍ ഇത് സിനിമയല്ലെന്ന് അവര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഖാംനഈയുടെ അഭാവത്തില്‍ രാജ്യം ഭരിക്കാന്‍ പ്രസിഡന്റും ജുഡീഷ്യറി തലവനും ഉള്‍പ്പെടുന്ന ഒരു താത്കാലിക നേതൃത്വ സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് അദ്ദേഹം അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളുമായി യുദ്ധത്തിന് ഇറാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യം വെക്കുന്നത് തുടരും. അമേരിക്കന്‍ ഭീഷണിക്ക് ഇറാന്‍ വഴങ്ങില്ലെന്ന് ഒരിക്കല്‍ കൂടി ലോകത്തിന് തെളിയിച്ചു കൊടുക്കുമെന്നും ലാരിജാനി കൂട്ടിചേര്‍ത്തു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണത്തിന് മറുപടിയായി ഇറാന്റെ സൈന്യം ഇതിനകം തന്നെ മിസൈല്‍ പ്രയോഗം ആരംഭിച്ചിട്ടുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫിലെ യുഎസ് കപ്പലുകള്‍ക്ക് നേരെയും കുവൈറ്റിലെയും ഖത്തറിലെയും അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെയും നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ലാരിജാനിയുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇറാന്റെ ഈ പുതിയ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യയില്‍ ഒരു സമാധാന ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും അവസാനിച്ച മട്ടാണ്.
