ദക്ഷിണ കൊറിയന്‍ സിനിമ കണ്ടു; ഉത്തര കൊറിയയില്‍ 16വയസുള്ള കുട്ടികള്‍ക്ക് 12 വര്‍ഷം ശിക്ഷ

Update: 2024-01-20 06:47 GMT

സോള്‍: ദക്ഷിണ കൊറിയന്‍ സിനിമകളും വീഡിയോസും കണ്ടതിന് ഉത്തരകൊറിയയില്‍ രണ്ടു കുട്ടികള്‍ക്ക് 12 വര്‍ഷത്തെ ശിക്ഷ. 16 വയസുള്ള രണ്ടു കുട്ടികള്‍ക്ക് 12 വര്‍ഷത്തെ കഠിനാധ്വാനമാണ് ശിക്ഷ വിധിച്ചത്. സൗത്ത് ആന്‍ഡ് നോര്‍ത്ത് ഡെവലപ്മെന്റ് (എസ്എഎന്‍ഡി) ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്യോങ്യാങ്ങിലെ കുട്ടികളെ പരസ്യമായി ശിക്ഷിക്കുന്ന വീഡിയോ പുറത്തുവിട്ടിരുന്നു.

മൂന്നു മാസത്തിലേറെയായി ദക്ഷിണ കൊറിയന്‍ സിനിമകളും മ്യൂസിക് വീഡിയോസ് കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ശിക്ഷിച്ചിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഇത്തരത്തിലുള്ളവ ആസ്വദിക്കുന്നത് വിലക്കുകയും പിടിക്കപ്പെട്ടാല്‍ കഠിന ശിക്ഷിക്കാനായി 2020ല്‍ ഉത്തരകൊറിയയില്‍ പുതിയ നിയമം കൊണ്ടുവന്നിരുന്നു.

1000ത്തോളം വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെയാണ് കുട്ടികളെ വിചാരണ ചെയ്തത്. രണ്ടു കുട്ടികള്‍ കൈക്കൂപ്പി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ എല്ലാ വിദ്യാര്‍ഥികളും മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ ഈ ദൃശ്യങ്ങള്‍ കോവിഡ് സമയത്ത് ചിത്രീകരിച്ചതാണെന്നാണ് സൂചന. ബിബിസിയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് പറയുന്നു. ഉത്തര കൊറിയയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇത്തരത്തിലുള്ള കടുത്ത ശിക്ഷ നല്‍കുന്നതെന്നാണ് സാന്‍ഡ് പ്രസിഡന്റും ടോക്കിയോ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സിന്റെ ഡോക്ടറുമായ ചോയ് ക്യോങ്-ഹുയി പറയുന്നു. ദക്ഷിണ കൊറിയന്‍ജീവിതശൈലി ഉത്തര കൊറിയയില്‍ പ്രബലമാണെന്ന് അവര്‍ പറഞ്ഞു.