വ്യോമയാന ഉടമ്പടി ലംഘിച്ചെന്ന്; ഇന്ത്യയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി അമേരിക്ക

കൊവിഡിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നതിനും നിയന്ത്രണമുണ്ട്. ഈ സാഹചര്യം യുഎസ് വിമാനക്കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഗതാഗതവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Update: 2020-06-23 05:45 GMT

വാഷിങ്ടണ്‍: ഇന്ത്യയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തി. ഉത്തരവ് 30 ദിവസത്തിനകം പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമയാനത്തെ നിയന്ത്രിക്കുന്ന ഉടമ്പടി ഇന്ത്യ ലംഘിച്ചെന്നും അന്യായവും വിവേചനപരവുമായ നടപടികളുണ്ടായെന്നുമാരോപിച്ചാണ് അമേരിക്കയുടെ നടപടി. കൊവിഡിനെത്തുടര്‍ന്നുണ്ടായ യാത്രാ വിലക്കിനിടെ ഇന്ത്യന്‍ പൗരന്‍മാരെ കൊണ്ടുപോവുന്നതിനായി എയര്‍ ഇന്ത്യ പ്രത്യേക സര്‍വീസ് നടത്തിയെങ്കിലും പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് വില്‍പന നടത്തിയെന്ന് അമേരിക്കയിലെ ഗതാഗതവകുപ്പ് ആരോപിച്ചു.

അതേസമയം, കൊവിഡിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നതിനും നിയന്ത്രണമുണ്ട്. ഈ സാഹചര്യം യുഎസ് വിമാനക്കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഗതാഗതവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രാജ്യത്ത് നിലനില്‍ക്കുന്ന വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ മറികടക്കുന്നതിനുള്ള ഒരു മാര്‍ഗമായി എയര്‍ ഇന്ത്യ സ്വദേശത്തേക്കുള്ള പ്രത്യേക സര്‍വീസുകള്‍ ഉപയോഗിക്കുന്നതായി മനസ്സിലാക്കുന്നുവെന്നും യുഎസ് ഏജന്‍സി പറഞ്ഞു.

ചാര്‍ട്ടേഡ് വിമാനസര്‍വീസ് നടത്തുന്നതിന് മുമ്പായി എയര്‍ ഇന്ത്യ അംഗീകാരത്തിനായി അപേക്ഷിക്കണമെന്നും അതുവഴി സര്‍വീസിന്റെ ലക്ഷ്യം പരിശോധിക്കാന്‍ കഴിയുമെന്നുമാണ് അമേരിക്ക പറയുന്നത്. അമേരിക്കന്‍ വിമാനങ്ങള്‍ക്കുള്ള നിയന്ത്രങ്ങള്‍ ഇന്ത്യ നീക്കിയാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നാണ് യുഎസ് ഗതാഗതവകുപ്പിന്റെ നിലപാട്. 

Tags: