വെനസ്വേലയില്‍ യുഎസ് ബോംബാക്രമണം; സൈനിക താവളത്തിനടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു, ഏഴിടത്ത് സ്‌ഫോടനം

Update: 2026-01-03 08:10 GMT

കാരക്കാസ്: വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ സ്ഫോടനങ്ങളെന്ന് റിപോര്‍ട്ടുകള്‍. കാരക്കാസില്‍ ഏഴ് സ്ഫോടനങ്ങളുടെ ശബ്ദവും താഴ്ന്ന പറക്കുന്ന വിമാനങ്ങളുടെ ശബ്ദവും കേട്ടതായി വാര്‍ത്താഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തു. നഗരത്തിന്റെ തെക്കന്‍ പ്രദേശത്ത് ഒരു പ്രധാന സൈനിക താവളത്തിനടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും റിപോര്‍ട്ടുകള്‍. പ്രാദേശിക സമയം പുലര്‍ച്ചെ 1.50നാണ് ആദ്യ സ്ഫോടനമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍.

മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിനായി അമേരിക്കയുമായി കരാറില്‍ ഏര്‍പ്പെടാന്‍ തയാറാണെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ വെനസ്വേലയിലെ ബോട്ടുകളിലേക്ക് ലഹരിമരുന്ന് കയറ്റുന്ന കേന്ദ്രം ആക്രമിച്ചിരുന്നു. സെപ്തംബര്‍ രണ്ടു മുതല്‍ ഇതുവരെ പസഫിക്കിലും കരീബിയന്‍ കടലിലും മയക്കുമരുന്ന് കടത്ത് ആരോപിച്ച് അമേരിക്ക 31 ബോട്ടുകള്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണങ്ങളില്‍ 107 പേര്‍ കൊല്ലപ്പെട്ടിരുന്നു.

വെനസ്വേലയിലേക്ക് അകത്തേക്കും പുറത്തേക്കും പോകുന്ന എണ്ണ കപ്പലുകള്‍ക്കും അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിക്കോളാസ് മഡൂറോയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമേരിക്കന്‍ ആക്രമണങ്ങളെന്നാണ് വെനസ്വേല ആരോപിക്കുന്നത്.






Tags: