അടിയന്തര മാനുഷിക സഹായം വേണം; അടുത്ത 48 മണിക്കൂറിനുള്ളില്‍ ഗസയില്‍ 14,000 കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമാവും: യുഎന്‍ മുന്നറിയിപ്പ്
ലണ്ടന്‍: അടിയന്തര മാനുഷിക സഹായം ലഭിച്ചില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ഗസയില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഉപരോധത്തില്‍ അയവുവരുത്തിയിട്ടും ഗസയിലേക്ക് അഞ്ചു ട്രക്കുകള്‍ മാത്രമേ ഇസ്രായേല്‍ കടത്തിവിടുന്നുള്ളൂ. യുഎസ്, കാനഡ, ഫ്രാന്‍സ്, യുകെ എന്നിവയുള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇസ്രായേല്‍ ഉപരോധത്തില്‍ അയവ് വരുത്തിയത്.
കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ വഹിച്ചുകൊണ്ട് അഞ്ച് ട്രക്കുകള്‍ മാത്രമാണ് തിങ്കളാഴ്ച ഗസയിലേക്ക് പ്രവേശിച്ചതെന്നും ആവശ്യമുള്ളവരിലേക്ക് ഇതുവരെ സഹായം എത്തിയിട്ടില്ലെന്നും യുഎന്‍ ഹുമാനിറ്റേറിയന്‍ മേധാവി ടോം ഫ്ലെച്ചര്‍ പറഞ്ഞു.
'ഞങ്ങള്‍ക്ക് അവരെ സമീപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കും. പോഷകാഹാരക്കുറവ് കാരണം കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയാത്ത അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം എത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വലിയ അപകടസാധ്യതകള്‍ കാണുന്നു. മാനുഷിക പിന്തുണയില്‍ അടിയന്തര വര്‍ധനവ് വരുത്തണം' അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണവും പോഷകാഹാരവും നിറച്ച 100 ട്രക്കുകള്‍ കൂടി ഇന്ന് ഗസയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് ഐക്യരാഷ്ട്രസഭ പ്രതീക്ഷിക്കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങളെ പരമാവധി രക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
