200 ഓളം പാമ്പുകളുടെ കടിയേറ്റ ടിം ഫ്രീഡിന്റെ രക്തം 'ആന്റി വെനം' ; മെഡിക്കല്‍ രംഗത്ത് താരം; മരണത്തെ തോല്‍പ്പിച്ച വിദഗ്ദ്ധന്‍
കാലിഫോര്‍ണിയ: 200 ഓളം പാമ്പുകളുടെ കടിയേല്‍ക്കുക, ലോകത്തിലെ മാരകമായ 700 ഓളം പാമ്പുകളുടെ വിഷം ശരീരത്തില്‍ കുത്തിവയ്ക്കുക. ഈ ദൗത്യം നടത്തിയത് കാലിഫോര്‍ണിയയില്‍ പാമ്പ് വിദഗ്ദ്ധനായ ടിം ഫ്രീഡ് ആണ്. രണ്ട് പതിറ്റാണ്ടായി ഫ്രീഡ് ഈ ദൗത്യവുമായി നടക്കുന്നു. മരണത്തെ ജീവിതത്തോട് മാറ്റി നിര്‍ത്തി തന്റെ രക്തം ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന ഒരു മറുമരുന്നാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഫ്രീഡ് സഞ്ചരിക്കുന്നത്. സമാനതകളില്ലാത്ത 'ആന്റി വെനം' ആണ് ടിമിന്റെ രക്തം. 200 തവണയും പാമ്പ് കടി ശരീരത്തില്‍ സ്വയം ഏല്‍പ്പിക്കുകയായിരുന്നു. ടിം ഫ്രീഡിന്റെ രക്തത്തില്‍ കണ്ടെത്തിയ ആന്റിബോഡികള്‍ വിവിധ ജീവിവര്‍ഗങ്ങളില്‍ നിന്നുള്ള മാരകമായ വിഷത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നതായി പരീക്ഷണങ്ങളില്‍ തെളിഞ്ഞുകഴിഞ്ഞു. നിലവില്‍ പാമ്പുകടിയേറ്റാല്‍ ചികില്‍സയ്ക്കായി അതേപാമ്പിന്റെ തന്നെ ആന്റിവെനം ആവശ്യമാണ്. അതുകൊണ്ടാണ് കടിച്ച പാമ്പ് ഏതാണെന്ന് മനസിലാക്കേണ്ടത് പ്രധാനമാണെന്ന് പറയുന്നത്. എന്നാല്‍ ഫ്രീഡിന്റെ 18 വര്‍ഷത്തെ ദൗത്യം എല്ലാ പാമ്പുകടികള്‍ക്കും ഉപയോഗിക്കാവുന്ന ഏക ആന്റിവെനം കണ്ടെത്തുന്നതില്‍ സുപ്രധാന ചുവടുവയ്പ്പായി മാറും.
ആദ്യം പാമ്പുകളില്‍ നിന്ന് വിഷം ശേഖരിച്ച് പതുക്കെയും ക്രമാനുഗതമായുമാണ് ഫ്രീഡ് വിഷം തന്റെ ശരീരത്തില്‍ കുത്തിവച്ചത്. മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങളോളം ഇത്തരത്തില്‍ പാമ്പിന്‍വിഷം അദ്ദേഹം ശരീരത്തില്‍ കുത്തിവച്ചിട്ടുണ്ട്. പിന്നീടാണ് പാമ്പുകളെ തന്നെ കടിക്കാന്‍ അനുവദിക്കാന്‍ തുടങ്ങയത്. അല്ലെങ്കില്‍ ആ പാമ്പിന്‍ കടികളില്‍ ഫ്രീഡ് മരിച്ചിട്ടുണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു.
ഒന്നിലധികം ഇനം മാമ്പകള്‍, മൂര്‍ഖന്‍, തായ്പാന്‍, ക്രെയ്റ്റുകള്‍ എന്നിങ്ങനെ നീളുന്നു ഫ്രീഡിനെ കടിച്ച വിഷപ്പാമ്പുകളുടെ ലിസ്റ്റ്. പാമ്പുകളെ കൈകാര്യം ചെയ്യുമ്പോള്‍ സ്വയം സംരക്ഷിക്കുന്നതിനായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ഫ്രീഡിന്റെ പ്രഥമ ലക്ഷ്യം. എന്നാല്‍ തുടര്‍ച്ചയായി രണ്ട് മൂര്‍ഖന്‍ പാമ്പുകളുടെ കടിയേറ്റതോടെ ഫ്രീഡ് ശരീരം തളര്‍ന്ന് കോമയിലായി. എന്നാല്‍ തനിക്ക് മരിക്കാന്‍ പോയിട്ട് ഒരു വിരല്‍ പോലും ശരീരത്തില്‍ നിന്ന് നഷ്ടപ്പെടാന്‍ താന്‍ ആഗ്രച്ചിട്ടില്ലായിരുന്നുവെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു. പിന്നീട് പാമ്പുകടിക്കായി മികച്ച ചികിത്സാരീതികള്‍ വികസിപ്പിക്കുക എന്നതായി ഫ്രീഡിന്റെ ലക്ഷ്യം. പാമ്പുകടിയേറ്റു മരിക്കുന്ന ആളുകള്‍ക്ക് വേണ്ടി തനിക്ക് കഴിയുന്ന എന്തെങ്കിലും ചെയ്യാന്‍ താന്‍ ആഗ്രഹിച്ചതായി ഫ്രീഡ് പറയുന്നു.
നിലവില്‍ കുതിരകളിലും മറ്റും ചെറിയ അളവില്‍ പാമ്പിന്‍ വിഷം കുത്തിവച്ചാണ് ആന്റീവെനം നിര്‍മ്മിക്കുന്നത്. കുതിരകളില്‍ കുറഞ്ഞ അളവില്‍ വിഷം കുത്തിവയ്ക്കുന്നതോടെ അവയുടെ രോഗപ്രതിരോധ സംവിധാനം ആന്റിബോഡികള്‍ ഉത്പാദിപ്പിക്കാന്‍ ആരംഭിക്കും. ഇവയാണ് ശേഖരിച്ചാണ് ചികില്‍സയ്ക്കായി ഉപയോഗിക്കുന്നത്. എന്നാല്‍ ഓരോ പാമ്പിന്റെ വിഷത്തില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കള്‍ വ്യത്യസ്തമാണ്. അതിനാല്‍ വിഷവും പ്രതിവിഷവും പരസ്പരം താരതമ്യം ചെയ്തുമാത്രമേ ഉയോഗിക്കാന്‍ സാധിക്കൂ. മാത്രമല്ല ഒരുപാമ്പ് വര്‍ഗത്തിനുള്ളില്‍ തന്നെ വീണ്ടും ഇനങ്ങളുണ്ടാകും. ഈ ഓരോ ഇനത്തിന്റെയും വിഷത്തിലും വ്യത്യസ്തമായ അളവിലായിരിക്കും ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നത്. മാത്രമല്ല ഭൂപ്രകൃതികള്‍ക്കനുസരിച്ച് ഒരോ വര്‍ഗത്തില്‍ തന്നെ വിഷത്തിന്റെ ഘടകങ്ങളില്‍ മാറ്റങ്ങളുണ്ടാകും. ഉദാഹരണത്തിന് ഇന്ത്യയില്‍ പാമ്പുകളില്‍ നിന്ന് നിര്‍മ്മിക്കുന്ന ആന്റിവെനം ശ്രീലങ്കയില്‍ അതേ ഇനത്തിനെതിരെ ഫലപ്രദമായിരിക്കില്ല.
ഇത്തരത്തില്‍ പല ആന്റിവെനം എന്നതില്‍ നിന്ന് ഒറ്റ ആന്റിവെനം കണ്ടുപിടിക്കാനുള്ള ഗവേഷണത്തിലാണ് ഗവേഷകര്‍. 'ബ്രോഡ്ലി ന്യൂട്രലൈസിങ് ആന്റിബോഡികള്‍' എന്ന് വിളിക്കപ്പെടുന്ന പ്രതിരോധ മാര്‍ഗം. ഒരു വിഷത്തിനു പകരം മുഴുവന്‍ തരം വിഷത്തെയും നിര്‍വീര്യമാക്കാന്‍ ഇതിന് സാധിക്കണം. ഈ അന്വേഷണത്തിനിടയിലാണ് ബയോടെക് കമ്പനിയായ സെന്റിവാക്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജേക്കബ് ഗ്ലാന്‍വില്ലെ ടിം ഫ്രീഡിനെ കണ്ടുമുട്ടുന്നത്. ലോകത്തിലെ ആരെങ്കിലും ഇത്തരത്തില്‍ എല്ലാ വിഷത്തെയും നിര്‍വീര്യമാക്കുന്ന ആന്റിബോഡികള്‍ നിര്‍മിച്ചിട്ടുണ്ടെങ്കില്‍ അത് ടിം ഫ്രീഡായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. പിന്നെ ഫ്രീഡിന്റെ രക്തം ഉപയോഗിച്ചായികുന്നു പഠനം. ലോകാരോഗ്യ സംഘടന ഭൂമിയില്‍ വച്ച് ഏറ്റവും മാരമായി തരംതിരിച്ച 19 എലാപ്പിഡുകളുടെ വിഷത്തില്‍ ഫ്രീഡിന്റെ രക്തം പരിശോധിച്ചു. രണ്ട് തരം ന്യൂറോടോക്‌സിനുകളെ നിര്‍വീര്യമാക്കാന്‍ സാധിക്കുന്ന ആന്റിബോഡികളെ പരീക്ഷണത്തില്‍ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്നുള്ള പരീക്ഷണങ്ങളിലൂടെയും കൂട്ടിച്ചേര്‍ക്കലുകളിലൂടെയും ഒരും 'ആന്റിവെനം കോക്ടെയ്ല്‍' ഗവേഷകര്‍ നിര്‍മ്മിച്ചെടുത്തു.
ഈ ആന്റിവെനം കോക്ടെയ്ല്‍ ഉപയോഗിച്ച് എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 19 ഇനം വിഷപ്പാമ്പുകളില്‍ 13 എണ്ണത്തിന്റെയും മാരകമായ വിഷത്തെ എലികള്‍ക്ക് അതിജീവിക്കാന്‍ സാധിച്ചു. ബാക്കി ആറെണ്ണത്തില്‍ നിന്ന് ഭാഗികമായ സംരക്ഷണവും ലഭിച്ചു. നിലവില്‍ ആന്റിവെനം ഇല്ലാത്ത പാമ്പുകളുടെ വിഷത്തെപ്പോലും പ്രതിരോധിക്കാന്‍ ഈ ആന്റിവെനം കോക്ടെയിലിനാകുമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. ആന്റിബോഡികള്‍ കൂടുതല്‍ പരിഷ്‌കരിക്കാനും എല്ലാ പാമ്പുകളുടേയും വിഷത്തില്‍ നിന്ന് പൂര്‍ണ്ണ സംരക്ഷണം നല്‍കുമോ എന്നറിയാനുമുള്ള പരീക്ഷണങ്ങള്‍ തുടരുകയാണ്. അടുത്ത 10 അല്ലെങ്കില്‍ 15 വര്‍ഷത്തിനുള്ളില്‍ ഫലപ്രദമായ ആന്റിവെന് നിര്‍മിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
നിലവില്‍ പ്രതിവര്‍ഷം 140,000 ആളുകളോളം പാമ്പുകടിയേറ്റ് മരിക്കുന്നുണ്ട് (വികസ്വര രാജ്യങ്ങളില്‍ 200 പേര്‍ ഒരു ദിവസം പാമ്പുകടിയേറ്റ് മരിക്കുന്നുണ്ട്). അതിന്റെ മൂന്നിരട്ടി ആളുകള്‍ക്ക് കടിയേറ്റതുമൂലം ശരീരഭാഗം മുറിച്ചുമാറ്റേണ്ടിവരികയോ മറ്റ് വൈകല്യങ്ങള്‍ ഉണ്ടാകുകയോ ചെയ്യുന്നുണ്ട്. 600 ലധികം ഇനം വിഷപ്പാമ്പുകളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ ഓരോന്നിനും ആന്റിവെനം സൃഷ്ടിക്കാനാകട്ടെ സമയവും പണവും ആവശ്യമാണ്. ഈ അവസ്ഥയിലാണ് ടിം ഫ്രീഡിന്റെ ആരോഗ്യരംഗത്ത് 'രക്തം' പുതിയ വാതിലുകള്‍ തുറക്കുന്നത്. ടിം ഫ്രീഡിന്റെ രക്തത്തിലുള്ള ആന്റിബോഡികള്‍ ശരിക്കും അസാധാരണമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഒടുവില്‍ മനുഷ്യരാശിക്ക് തനിക്ക് എന്തെങ്കിലും നല്ലത് ചെയ്യാന്‍ സാധിച്ചു, അതില്‍ അഭിമാനമുണ്ടെന്നുമാണ് ടിം ഫ്രീഡിന്റെ പ്രതികരണം.
2018 ഓടെ ടിം ഫ്രീഡ് തന്റെ പരീക്ഷണം അവസാനിപ്പിച്ചിരുന്നു. ഈ കാലയളവില്‍ 202 തവണ പാമ്പുകടിയേല്‍ക്കുകയും 654 തവണ വിഷം ശരീരത്തില്‍ കുത്തിവയ്ക്കുകയും ചെയ്തു. വിഷബാധകാരണം തന്റെ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ പതിവായി കരള്‍, വൃക്ക പരിശോധനകള്‍ നടത്തുകയും ചെയ്യുന്നു. ഇന്നും പൂര്‍ണ ആരോഗ്യവാനായ വ്യക്തിയാണ് 57 കാരമായ ടിം ഫ്രീഡ്.

