മുര്‍സിയുടെ മരണത്തില്‍ സുതാര്യ അന്വേഷണം നടത്തണം: യുഎന്‍

Update: 2019-06-19 03:37 GMT

ജനീവ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്താന്‍ യുഎന്‍. ആറുവര്‍ഷത്തെ ജയില്‍ ജീവിതത്തിനിടെ അദ്ദേഹത്തിന് നല്‍കിയ ചികില്‍സയുടെ മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കണം അന്വേഷണമെന്ന് യുഎന്‍ കര്‍ശനമായി നിര്‍ദേശിച്ചു.

'ജയില്‍ വാസത്തിനിടെ അദ്ദേഹത്തിന് നല്‍കിയ ചികില്‍സയെ കുറിച്ചും കുടുംബവുമായും അഭിഭാഷകരുമായും ബന്ധപ്പെടാന്‍ ഒരുക്കിയ സാഹചര്യങ്ങളെ കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്' യുഎന്‍ മനുഷ്യാവകാശ വക്താവ് റൂബര്‍ട്ട് കോള്‍വില്ലെ പറഞ്ഞു. ജുഡീഷ്യല്‍ അല്ലെങ്കില്‍ തത്തുല്യമായ സമിതിയാണ് കേസ് അന്വേഷണം നടത്തേണ്ടത്. മരണത്തിനിടയാക്കിയ സാഹചര്യവും കാരണവും സംബന്ധിച്ച് തീര്‍ത്തും നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസമാണ് വിചാരണയ്ക്കിടെ കോടതിയില്‍ മുര്‍സി കുഴഞ്ഞുവീണ് മരിച്ചത്. സംഭവത്തില്‍ ഈജിപ്ത് ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

Similar News