ഹാഫിസ് സഈദിനെ ഭീകരവാദി പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ യുഎന്‍ തള്ളി

40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ശെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹറിനെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പുതിയ അപേക്ഷ യുഎന്‍ രക്ഷാസമിതിയില്‍ ലഭിച്ചിരിക്കെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്

Update: 2019-03-07 14:11 GMT
ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിന്റെ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന ജമാത്തുദ്ദഅ്‌വ സ്ഥാപകന്‍ ഹാഫിസ് സഈദിനെ ഭീകരവാദി പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ ഐക്യരാഷ്ട്ര സഭ തള്ളി. ഹാഫീസ് സഈദുമായി അഭിമുഖം നടത്താനുള്ള യുഎന്‍ സംഘത്തിന് പാകിസ്താന്‍ വിസ നിഷേധിച്ചതിനു പിന്നാലെയാണ് യുഎന്‍ നടപടി. 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ശെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹറിനെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പുതിയ അപേക്ഷ യുഎന്‍ രക്ഷാസമിതിയില്‍ ലഭിച്ചിരിക്കെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.

    166 പേര്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ ആക്രമണത്തിനു പിന്നാലെയാണ്, ഇന്ത്യയുടെ ആവശ്യപ്രകാരം യുഎന്‍ രക്ഷാസമിതി ഹാഫിസ് സഈദിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്നെയും തന്റെ സംഘടനയെയും പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് ഹാഫിസ് സഈദ് യുഎന്‍ രക്ഷാസമിതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ പാകിസ്താനില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ് ഹാഫിസ് സഈദ്. അപേക്ഷ പരിഗണിച്ച യുഎന്‍ സംഘം അദ്ദേഹവുമായി അഭിമുഖം നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. യുഎന്‍ സംഘത്തിന് പാകിസ്താന്‍ വിസ നിഷേധിച്ചതാണ് തിരിച്ചടിയായത്. തുടര്‍ന്നാണ് അപേക്ഷ യുഎന്‍ രക്ഷാസമിതി തള്ളിയത്. സാധാരണയായി പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ ആരെങ്കിലും അപേക്ഷ നല്‍കിയാല്‍ അദ്ദേഹവുമായി നേരിട്ട് ആശയവിനിമയം നടത്തിയ ശേഷമാണ് തുടര്‍നടപടികളിലേക്ക് നീങ്ങുക. എന്നാല്‍ പാകിസ്താന്‍ വിസ നിഷേധിച്ചതോടെ സാധ്യത മങ്ങിയതിനെ തുടര്‍ന്നാണ് അപേക്ഷ തള്ളിയത്.





Tags:    

Similar News