ഉക്രേനിയന്‍ യാത്രാവിമാനം അബദ്ധത്തില്‍ ആക്രമിച്ചത്; വീഴ്ച സമ്മതിച്ച് ഇറാന്‍

മാനുഷികമായ പിഴവാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാന്‍ സേന വ്യക്തമാക്കി. ഉത്തരവാദികള്‍ക്കെതിരേ നടപടിയുണ്ടാവുമെന്നും ഇറാന്‍ അറിയിച്ചു.

Update: 2020-01-11 06:25 GMT

ടെഹ്‌റാന്‍: ഉക്രേനിയന്‍ വിമാനം അബദ്ധത്തില്‍ ആക്രമിച്ചതെന്ന് തുറന്നുസമ്മതിച്ച് ഇറാന്‍. ഇറേനിയന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് ഉക്രെയിന്‍ തലസ്ഥാനമായ കീവിലേക്കു പുറപ്പെട്ട യാത്രാവിമാനമാണ് ബുധനാഴ്ച ഇറാന്‍ ആക്രമിച്ചത്. മാനുഷികമായ പിഴവാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാന്‍ സേന വ്യക്തമാക്കി. ഉത്തരവാദികള്‍ക്കെതിരേ നടപടിയുണ്ടാവുമെന്നും ഇറാന്‍ അറിയിച്ചു. ഞങ്ങളുടെ ജനങ്ങളോടും മരണപ്പെട്ട കുടുംബങ്ങളോടും മറ്റ് ബാധിത രാജ്യങ്ങളോടും ഞങ്ങളുടെ അഗാധമായ ദു:ഖവും ക്ഷമാപണവും അനുശോചനവും അറിയിക്കുന്നതായും ഇറാന്‍ സേന കൂട്ടിച്ചേര്‍ത്തു. വിമാനാപകടത്തില്‍ 176 പേരാണ് മരിച്ചത്.

ഇറാഖിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്കു പിന്നാലെയാണ് ഉക്രെയിന്‍ വിമാനത്തിന് അപകടം സംഭവിച്ചത്. ഇറാന്റെ മിസൈലാക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇറാന്റെ വെളിപ്പെടുത്തല്‍. ഉക്രെയിനിലെ പ്രധാന സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയായ ഉക്രെയിന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737800 വിമാനമാണ് തകര്‍ന്നത്. ടെഹ്‌റാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ബുധനാഴ്ച രാവിലെ 6.00ന് പുറപ്പെട്ട വിമാനം രണ്ടുമിനിറ്റിനകം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. വിമാനം വെടിവച്ചിട്ടത് ഇറാനാണെന്ന് അമേരിക്കയും കാനഡയും പറഞ്ഞിരുന്നുവെങ്കിലും ഇറാന്‍ സേന ഇക്കാര്യം നിഷേധിക്കുകയായിരുന്നു. 

Tags:    

Similar News